വിഷയ സൂചിക

 

    👉  ഓർമ്മച്ചെപ്പിലെ  ചിത്രങ്ങൾ  

 

     👉 ആമുഖം.

 

   👉  1. കുടുംബം, ജനനം, ബാല്യം, കൗമാരം.

   👉  2. തുടർ പഠനവും ജോലിയും വിരമിക്കലും.

   👉  3. സുവിശേഷം കേൾക്കുന്നു.

   👉  4. യേശുക്രിസ്തുവിനെ ദർശനത്തിൽ കാണുന്നു.

   👉  5. മനംതിരിവ്‌.

   👉  6. അബുധാബിയിൽവച്ച് രക്ഷിക്കപ്പെടുന്നു.

   👉  7. പെന്തക്കോസ്തുകാരെ അടുത്തറിയുന്നു.

   👉  8. പരിശുദ്ധാത്മ നിറവ്, വിശ്വാസ സ്നാനം.

   👉  9. 40 ദിവസത്തെ ഉപവാസപ്രാർത്ഥന.

   👉 10.  ദർശനങ്ങൾ, പ്രവചനങ്ങൾ, അത്ഭുതരോഗ ശാന്തി.

   👉 11.  21 ദിവസത്തെ പൂർണ ഉപവാസവും സമർപ്പണവും.

   👉 12.  കുമ്പനാട് IPC ഏലീമിൽ.

  👉  13.  കർത്താവിന്റെ വേലയ്‌ക്കായി, അബുധാബിയിലേക്ക്.

  👉  14.  സെമിനാരി പഠനം, ഓർഡിനേഷൻ, മിനിസ്ട്രി.

  👉  15.  പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയ പാപങ്ങളിൽ ചിലത്.

  👉 16. പ്രതിമാ വണക്കവും അന്ത്യന്യായവിധിയും.

  👉 17.  രക്ഷിക്കപ്പെടുവാനുള്ള ആഹ്വാനം.

       പ്രാർത്ഥന.

gallery/middle picture

  ആമുഖം


 കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം. 


 ക്രിസ്തുയേശുവിൽ ഞാൻ രക്ഷിക്കപ്പെടുവാൻ കാരണമായ സംഭവങ്ങൾ എന്റെ അനുഭവസാക്ഷ്യങ്ങളായി പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വായിച്ച്, യുവതലമുറയിൽപെട്ട അനേകർ യേശുക്രിസ്തുവിൽ ആശ്രയിക്കുവാൻ തീരുമാനിച്ചു എന്ന് അറിയുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷിക്കയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.  

 

അത്, എനിക്ക് വളരെ പ്രചോദനം നൽകിയിട്ട്, യേശുക്രിസ്തുവിലൂടെ മാനവകുലത്തിന് ലഭ്യമായിരിക്കുന്ന രക്ഷയിലും നിത്യജീവനിലും എനിക്കും പങ്കാളി ആകുവാൻ കഴിഞ്ഞത് എപ്രകാരം എന്നതിന്റെ പൂർണ വിവരണം പുസ്തകമായി തയ്യാറാക്കുവാൻ ദൈവം കൃപ ചെയ്തു.

 

ഇതിൽ എഴുതപ്പെട്ടിരിക്കുന്ന വിവരങ്ങൾ പൂർണമായും സത്യവും യഥാർത്ഥമായി സംഭവിച്ച വസ്തുതകളും ആണ്. യാതൊരു വിധത്തിലുള്ള ഭാവനയും ഈ പുസ്തക രചനയിൽ ഇടം പിടിച്ചിട്ടില്ല.

 
മാനവകുലത്തിന്റെ പാപപരിഹാരത്തിനും  രക്ഷയ്കുമായി കാൽവരി കുരിശിന്മേൽ ഏക പാപപരിഹാരയാഗമായി മരിച്ചു, അടക്കപ്പെട്ടു, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു  തിരികെ  പിതാവിന്റെ പക്കലേക്കു സ്വർഗാരോഹണം ചെയ്തു പോകും മുൻപ്, കർത്താവായ യേശു, ഇപ്രകാരം ആഹ്വാനം ചെയ്തു, "എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ  അറ്റത്തോളവും എന്റെ സാക്ഷികൾ ആകും". (പ്രവർത്തി 1: 8,9)

 

യേശു  ശിഷ്യന്മാർക്ക് നൽകിയ ആഹ്വാനമാണ്  "നിങ്ങൾ എന്റെ സാക്ഷികളാവുക" എന്നത്.  ക്രിസ്തുയേശുവിൽ രക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ സംബന്ധിച്ച്, അദ്ദേത്തിന്റെ ഒന്നാമത്തെ സാക്ഷ്യം,  താൻ എപ്രകാരമാണ് ക്രിസ്തു യേശുവിലുള്ള വിശ്വാസം  മുഖേന  രക്ഷിക്കപ്പെട്ട്,  നിത്യജീവന്  അർഹനും അവകാശിയുമായത് എന്നതായിരിക്കണം.

 

ഏതു സാഹചര്യത്തിൽ, എപ്രകാരമാണ് യേശു ക്രിസ്തുവിനെ എന്റെ രക്ഷിതാവും കർത്താവുമായി അംഗീകരിച്ച്  ഏറ്റു പറഞ്ഞത്,  എന്ന്  എഴുതുവാൻ വളരെക്കാലമായി ആഗ്രഹിച്ചിരുന്നു.  എന്റെ അനുഭവ സാക്ഷ്യം, കൃത്യമായി, സമയ  ക്ലിപ്തതയോടെ  എഴുതിത്തീർക്കുവാൻ   വലിയവനായ ദൈവം അവിടുത്തെ മഹാകൃപയാൽ  എന്നെ സഹായിച്ചു. 

 

ഈ പുസ്തകം ആദ്യാന്തത്തോളം  ശ്രദ്ധയോടെ വായിക്കുവാനും പ്രാർത്ഥിക്കുവാനും ഒരു പുതിയ തീരുമാനം എടുക്കുവാനും അഭ്യർത്ഥിക്കുകയും താങ്കളെ ഉത്സാഹിപ്പിക്കയും ചെയ്യുന്നു. ദൈവം  താങ്കളെ  ധാരാളമായി  അനുഗ്രഹിക്കട്ടെ.

 

പിതാവാം ദൈവത്തിന്റെ സ്നേഹവും പുത്രനായ കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും ആവാസവും നിങ്ങളോടൊത്ത് എപ്പോഴും ഉണ്ടാകുമാറാകട്ടെ. ആമേൻ.

1.  കുടുംബം, ജനനം,  ബാല്യം,  കൗമാരം.


എനിക്ക് ബന്ധമുള്ള എല്ലാ കുടുംബങ്ങളെയും അനുസ്മരിച്ചുകൊണ്ട്, അവർ ഓരോരുത്തരോടും ഉള്ള എന്റെ കൃതജ്ഞതാ മനോഭാവം പ്രകടമാക്കിക്കൊണ്ടു അവരെ ഓർമ്മിക്കുകയും അവർ  ഓരോരുത്തർക്കും ആയി ദൈവത്തെ സ്തുക്കയും ചെയ്തു കൊണ്ട്, എന്റെ സാക്ഷ്യം എഴുതി തുടങ്ങുവാൻ ഞാൻ ആഗ്രഹിക്കുന്നു.


മാരാമൺ കോട്ടിയാനിൽ മേപ്രത്ത് ശ്രീ. MA വർഗീസിന്റെയും (പാപ്പച്ചൻ സാർ) ശ്രീമതി മേരിക്കുട്ടിയുടെയും (പൊടിയമ്മ) മൂന്നു  മക്കളിൽ രണ്ടാമനായി 1967 ഫെബ്രുവരി 19, ഞായറാഴ്ച്ച  ജനിച്ചു.  അമ്മയുടെ പിതാവ്, ചെറുകോൽ മാലത്ര മുതുമരത്തിൽ ശ്രീ. MM തോമസ് (ഭവാൻ കുഞ്ഞച്ചൻ), അമ്മയുടെ മാതാവ്, മാന്നാർ വടക്കനേത്ത് ശ്രീമതി  ശോശാമ്മ തോമസ്.  അച്ചാച്ചന്റെ പിതാവ്,  മാരാമൺ ചെറുപുഷ്പം സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കോട്ടിയാനിൽ ശ്രീ. MT ഏബ്രഹാം സാർ (കുഞ്ഞച്ചൻ), അച്ചാച്ചന്റെ മാതാവ്, കല്ലേലി ലങ്കത്തറയിൽ ശ്രീമതി  അന്നമ്മ എബ്രഹാം.  എന്റെ ജ്യേഷ്ഠ സഹോദരി അനീന അംബുക്കൻ (പൊയ്യ, മാള).  ഇളയ സഹോദരൻ അനിൽ വർഗ്ഗീസ്, മാരാമൺ.

 
എന്റെ മാതാപിതാക്കൾ മാർത്തോമ്മാസഭാ വിശ്വാസത്തിൽ ജനിച്ചു   വളർത്തപ്പെട്ടവരായിരുന്നു എങ്കിലും, ഞാൻ ജനിച്ചപ്പോൾ അവർ   മാരാമൺ   ചെട്ടിമുക്ക് ചെറുപുഷ്പം മലങ്കര സുറിയാനി കത്തോലിക്ക ഇടവകയിലെ അംഗങ്ങളായിരുന്നു. 

 

കർത്താവിൽ വിശ്രമിക്കുന്ന ബഹുമാന്യ ആൻഡ്രുസ് പുത്തൻ പറമ്പിൽ അച്ചൻ 1967 ഏപ്രിലിൽ എന്നെ  മാമ്മോദീസ  മുക്കി. 1977 ഒക്ടോബർ രണ്ടാം തീയതി  ഞായറാഴ്ച തിരുവല്ലാ രൂപതാ മെത്രാപ്പോലീത്ത ആയിരുന്ന സഖറിയാസ്  മാർ അത്താനാസിയോസിൽ നിന്ന്  ആദ്യകുർബാന സ്വീകരിച്ചു.


വളരെ ചെറുപ്രായത്തിൽ തന്നെ പള്ളിയിലെ ആരാധനയോടും കർമങ്ങളോടും വളരെ താല്പ്യര്യമുണ്ടായിരുന്ന എന്നെ, അന്നത്തെ ഇടവക  വികാരി,  ഇപ്പോൾ ക്രിസ്തുവിൽ വിശ്രമിക്കുന്ന ആദരണീയ  കോർ എപ്പിസ്കോപ്പ  മാത്യു കരിമ്പിൽ മല്പാൻ, പത്താമത്തെ വയസ്സിൽ  മദ്ബഹായിലെ ശുശ്രുഷ പരിശീലിക്കുന്നതിനായി  നിയോഗിച്ചു,  പന്ത്രണ്ടു വയസ്സായപ്പോൾ  പ്രധാന ശുശ്രുഷ കനായി (കപ്യാർ) നിയമിച്ചു.

 

ഒരു പുരോഹിതൻ ആകുവാനുള്ള ആഗ്രഹം നന്നേ  ചെറുപ്പ ത്തിലേ   എന്റെ  ഉള്ളിൽ നിറഞ്ഞു നിന്നു. പക്ഷെ, പ്രീഡിഗ്രി പാസ്സായി സെമിനാരിയിൽ  ചേരുവാനുള്ള  ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, അദ്ദേഹം ഉപദേശിച്ചത്,   തുടർന്ന് പഠിച്ച് ജോലി നേടി കുടുംബം    പുലർത്തുവാൻ ശ്രമിക്കുകയും, പിന്നീട് ദൈവം വഴി കാട്ടുന്നതു പോലെ പ്രവർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു. 


ഞാൻ പ്രീഡിഗ്രിയ്കു പഠിച്ചതു കോഴഞ്ചേരി സെൻറ് തോമസ് കോളേജിൽ ഒന്നാം ഗ്രൂപ് വൈകുന്നേരത്തെ ബാച്ചിൽ 1982-84 കാലത്തും,  മാരാമൺ MMA ഹൈസ്കൂളിൽ  1979-82 കാലത്തും, മാരാമൺ  AMM യൂ.പി  സ്കൂളിൽ 1976-79  കാലത്തും,  മാരാമൺ ചെറുപുഷ്പം സ്കൂളിൽ 1972-76 കാലത്തും ആയിരുന്നു. നഴ്സ്സറിയിൽ പഠിപ്പിച്ച മേരിസാറിനെയും എഴുത്തിനിരുത്തിയ മാരാമൺ ആശാട്ടിയെയും ചെറുപുഷ്പം സ്കൂളിൽ ഒന്ന്  മുതൽ നാലാം  ക്ലാസ് വരെ പഠിപ്പിച്ച  മാരാമൺ മത്തായി സാർ,  ഇരവിപേരൂർ അന്നമ്മസാർ, കുറിയന്നൂർ ജോർജുസാർ, കുമ്പനാട്  മറിയാ മ്മസാർ,  അമയിൽ സാറാമ്മസാർ  നാലാം ക്ലാസിൽ കൈത്തയ്യൽ പഠിപ്പിച്ച റാഹൂർ ദീനാമ്മസാർ എന്നിവരെയും ഇത്തരുണത്തിൽ ഓർക്കുന്നു.
 

2. തുടർ പഠനവും ജോലിയും വിരമിക്കലും

 

ഇന്ത്യൻ നേവിയുടെ ഏവിയേഷൻ വിഭാഗത്തിൽ എഞ്ചിനീയറിംഗ് പഠനത്തിനായി ചേർന്ന് ഏവിയോണിക്‌സിൽ അഞ്ചു വർഷ പരിശീലനം പൂർത്തിയാക്കി, പത്തു വർഷത്തോളം ജോലി ചെയ്ത് 2000 ജനുവരിയിൽ ചീഫ് ആർട്ടിഫൈസർ റാങ്കിൽ വിരമിച്ചു. അതോടൊപ്പം എം.ബി.എ യും  കംപ്യൂട്ടർ  ആപ്ലിക്കേഷനിൽ പോസ്‌റ്റുഗ്രാജുവേറ്റ്  ഡിപ്ലോമയും പൂർത്തിയാക്കി.   ഗൾഫ് എയർ എന്ന കമ്പനിയിൽ  ഏവിയേഷൻ എഞ്ചിനീയറായി ജോലി ലഭിക്കും  എന്ന പ്രതീക്ഷയിലാണ്  നേവിയിൽ നിന്നും വിരമിച്ചത്.  പക്ഷെ, പ്രതീക്ഷിച്ചതുപോലെ ജോലി തരപ്പെട്ടില്ല. നാട്ടിൽ തിരികെ എത്തി, വീണ്ടും പള്ളികാര്യങ്ങളിലും സഭാ പ്രവർത്തനങ്ങളിലും വ്യാപൃതനായി. അതോടൊപ്പം ആൾട്ടർനേറ്റീവ് മെഡിക്കൽ രംഗത്തു  പ്രവർത്തനം ആരംഭിച്ചു.

 

നേവിയിൽ ആയിരുന്നപ്പോൾത്തന്നെ ആൾട്ടർനേറ്റീവ് മെഡിസിനിൽ ഹോമിയോപ്പതി വിഷയമായി തുടങ്ങിയ ബിരുദ പഠനം പൂർത്തികരിച്ച്  ലൈസൻസ്  നേടി, 2001 മുതൽ കുമ്പനാട്ടു സമാന്തര ചികിത്സകൾക്കും മരുന്ന് ഉപയോഗിക്കാതെ ഉള്ള ചികിത്സകൾക്കും  ഹോമിയോപ്പതി  ചികിത്സക്കുമായുള്ള ക്ലിനിക് ആരംഭിച്ചു. അതോടൊപ്പം തന്നെ ഇടവക സെക്രട്ടറി,   പ്രാർത്ഥനായോഗം  പ്രസിഡണ്ട്  എന്നീ സ്ഥാനങ്ങളും തിരുവല്ല രൂപതയുടെ അല്മായ  പ്രസ്ഥാനത്തിലെയും ഭാരവാഹിത്വങ്ങളും ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. പെന്തകൊസ്തു പ്രസ്ഥാനങ്ങളെ  ശക്തമായി എതിർക്കുകയും മലങ്കര കത്തോലിക്കാ വിശ്വാസം  ഉറപ്പിക്കയും ചെയ്യുക  എന്നുള്ളതായിരുന്നു പ്രവർത്തനശൈലി.

 

ഭൂമിയിലെ യഥാർത്ഥ ദൈവസഭ കത്തോലിക്കാ സഭ ആണെന്നും കത്തോലിക്കാ സഭയിൽ കൂടി മാത്രമേ രക്ഷയും പാപമോചനവും സാധ്യമാവുകയുള്ളൂ എന്നും കത്തോലിക്കർ മാത്രമേ യേശുക്രിസ്തുവിന്റെ മടങ്ങിവരവിൽ എടുക്കപ്പെടുകയുള്ളൂ എന്നും ഉള്ള വിഷയങ്ങൾ ആയിരുന്നു എന്റെ അക്കാലത്തെ പഠന-പ്രസംഗ വിഷയങ്ങൾ.

 

1995 ആഗസ്റ്റിൽ  ബാംഗ്ലൂർ, ഹെബ്ബാൽ, മേരിവില്ലയിൽ ആഷയെ വിവാഹം കഴിച്ചു. ആഷയുടെ പിതാവ് കോട്ടയം പുതുപ്പള്ളി പയ്യപ്പാടി പാലക്കുഴിയിൽ ശ്രീ  PK ഫിലിപ്പോസ്. ആഷയുടെ മാതാവ് അടൂർ കണ്ണങ്കര കുടുംബത്തിലെ ശ്രീമതി മറിയാമ്മ ഫിലിപ്പോസ്.

 

ഞങ്ങൾക്ക് രണ്ടു മക്കൾ. മൂത്തവൾ ആലിസ്. ഇളയവൻ ആൽവിൻ. ഇപ്പോൾ ഞങ്ങൾ കുടുംബമായി UAEയിൽ,  അബുധാബിയിൽ  താമസിക്കുന്നു.

 

2013  ആഗസ്റ്റു  മാസം മുതൽ  കുമ്പനാട്,  IPC ഏലീം സഭയിൽ കൂടി  അത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നു. അതോ ടൊപ്പം, കർത്താവ്  ഏല്പിച്ച ‘ബേഥാന്യ ഗോസ്പൽ മിനിസ്ട്രിയുടെ കാര്യ പരിപാലനം നോക്കിനടത്തുന്നു. അമേരിക്കയിലെ മിഷിഗൺ ആസ്ഥാനമായുള്ള ക്രിസ്ത്യൻ ലീഡേഴ്‌സ് ഇൻസ്റ്റിറ്റ്യുട്ടിൽ പഠനത്തോടൊപ്പം അവരുടെ UAEയിലെ Mentor Minister ആയും സേവനം അനുഷ്ഠിക്കുന്നു.

3. സുവിശേഷം കേൾക്കുന്നു.

 

2000 ഫെബ്രുവരി 6ന്, നേവിയിൽ  നിന്നും വിരമിച്ചു മുംബൈ യിൽ  നിന്നും നാട്ടിലേക്കു ട്രെയിനിൽ വരുമ്പോൾ ഒരു സംഭവമു ണ്ടായി. എനിക്ക് റിസർവേഷൻ A/C സെക്കൻഡ് ക്ലാസ്സിൽ ആയി രുന്നു.  എറണാകുളത്തെത്തിയപ്പോൾ, ഏതെങ്കിലും സ്ലീപ്പർ കോ ച്ചിൽ പോയിരുന്ന് ആരോടെങ്കിലും സംസാരിക്കാം എന്ന് തോന്നിയിട്ട്  ഒരു സ്ലീപ്പർ  കമ്പാർട്മെന്റിൽ  വന്നിരുന്നു.   കുറച്ച് കഴിഞ്ഞ പ്പോൾ വെള്ള ജൂബയും മുണ്ടും ധരിച്ച ഒരാൾ  എന്നെത്തന്നെ  ശ്രദ്ധിച്ചു  കൊണ്ട്   അങ്ങോട്ടും  ഇങ്ങോട്ടും    നടന്നതിന് ശേഷം എന്റെ എതിർ  സീറ്റിൽ  വന്നിരുന്ന്   താൻ,   കൊട്ടാരക്കര  ദൈവസഭയിലെ പാസ്റ്റർ സൈമൺ പി. ജേക്കബ്  എന്ന് പരിചയപ്പെടുത്തി. കുറെ സമയത്തെ വിശേഷങ്ങൾ പങ്കുവയ്കലിന് ശേഷം രക്ഷിക്കപ്പെടുന്നതിനെക്കുറിച്ച് എന്നോട് സംസാരിച്ചു. പെന്തക്കോസ്തുകാരെ, ഏറ്റവും അവജ്ഞയോടെ കണ്ടിരുന്ന ഞാൻ, അദ്ദേഹവുമായി വലിയ   വാക്കുതർക്കത്തിൽ ഏർപ്പെട്ടു.    മറ്റു യാത്രക്കാരും എന്നോടൊപ്പം കൂടി അദ്ദേഹത്തെ ഒറ്റപ്പെടുത്തി. പക്ഷെ, അദ്ദേഹം, അത് വകവയ്‌ക്കാതെ, വേദപുസ്തകത്തിൽ നിന്നും  സംസാരിക്കുവാൻ തുടങ്ങി. ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ

ഞാൻ   ഇറങ്ങിയപ്പോൾ,    അദ്ദേഹവും കൂടെയിറങ്ങി, പിന്നാലെ വന്ന്,  യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെടുവാൻ  എന്നെ നിർബന്ധിച്ചു.   ഞാൻ, കോപിച്ച് അദ്ദേഹത്തെ പറഞ്ഞയച്ചു. അദ്ദേഹം നടന്നു പോകുമ്പോൾ, ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. "കർത്താവ് നിന്നെ ആ കൊട്ടയിൽ നിന്ന് ഇറക്കും"

4. യേശുക്രിസ്തുവിനെ ദർശനത്തിൽ കാണുന്നു.

 

2005  ആഗസ്ററ് 14 അതിരാവിലെ, ഒരു ദുസ്വപ്നം കണ്ടു ഉറക്കം ഉണർന്നു കിടക്കുമ്പോൾ, ദർശനത്തിൽ മഹത്വപൂർണനായ യേശുക്രിസ്തുവിന്റെ  മുഖം എനിക്ക് പ്രത്യക്ഷപ്പെട്ടു. 

 

ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന പ്രസന്നമായ, ഗോതമ്പ്  നിറത്തിലുള്ള മുഖം. തിളങ്ങുന്ന സജീവമായ കണ്ണുകൾ. ചെമ്പു നിറമുള്ള ഭംഗിയാർന്ന കൃഷ്ണമണികൾ. ചുരുണ്ടു  ഇടതൂർന്ന മുടിയിഴകളും താടിരോമങ്ങളും മേൽമീശയും.  തലയുടെ പിന്നിൽ നിന്നും പ്രകാശിക്കുന്ന വിവിധ വർണങ്ങളിൽ ഉള്ള  അനേക സൂര്യന്മാരുടെ പ്രകാശം കാരണം ഓരോ മുടിയിഴയും   വെട്ടിത്തിളങ്ങി പ്രകാശം ചൊരിയുന്നു. ഇതിൽ കൂടുതൽ വാക്കുകളിൽ എനിക്ക് വർണിക്കുവാൻ സാധ്യമല്ല. അവർണ്ണനീയം .

 

 പുഞ്ചിരി തൂക്കിക്കൊണ്ടു എന്നോട്, "മകനേ, ഭയപ്പെടേണ്ട. ഞാൻ നിന്റെ കൂടെ ഉണ്ട്.  ഭാരപ്പെടേണ്ട" എന്ന് പറഞ്ഞു കൊണ്ട്   എന്നെ തന്റെ വേലയ്‌ക്കായി വിളിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. പക്ഷെ, അത്  വെറും ഒരു തോന്നൽ ആകാം എന്ന ചിന്തയിൽ ആ ദർശനത്തെ ഞാൻ അവഗണിച്ചു.  മാത്രമല്ല, അന്ന് തന്നെ വികാരി അച്ചനോട് ഇക്കാര്യം അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, അതൊക്കെ വെറും തോന്നലുകൾ മാത്രമല്ലേ , ഒന്നും കാര്യമാക്കേണ്ട എന്ന്.

 

അന്ന് രാത്രിയിൽ, ഞാൻ സ്വപ്നത്തിൽ കണ്ട, തികച്ചും അപരിചിതർ ആയിരുന്ന ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും 2014ൽ അബുധാബിയിൽവച്ചു നേരിൽ കാണുവാനും പരിചയപ്പെടുവാനും ഇടയായത് ഇത്തരുണത്തിൽ ഓർക്കുന്നു. അവർ കുടുംബമായി ദൈവവേലയിൽ ആയിരിക്കുന്നത് ഓർത്തു ദൈവത്തെ മഹത്വപ്പെടുത്തുന്നു.

 

ഇതായിരുന്നു ആ സ്വപ്നം. ഞാൻ സുവിശേഷം അറിയിച്ചു അപരിചിതമായ  ഒരു സ്ഥലത്തുകൂടി യാത്ര ചെയ്യുമ്പോൾ ഒരു ഭവനത്തിന്റെ  മുൻപിൽ നിന്ന സ്ത്രീ അവരുടെ ഭർത്താവിനോട് സുവിശേ ഷം അറിയിക്കേണം, ഭർത്താവിനു വേണ്ടി പ്രാർത്ഥിക്കേണം  എന്ന് പറഞ്ഞു കൊണ്ട് എന്നെ ഭവനത്തിനുള്ളിലേക്കു ക്ഷണിച്ചു. ഞാൻ വീടിനകത്തേക്ക് കടന്നപ്പോൾ, കട്ടിലിൽ, അവരുടെ ഭർത്താവു പൂർണമായി തളർന്നു കിടക്കുന്നു.  ഞാൻ അദ്ദേഹത്തോട് സുവിശേഷം അറിയിച്ചു അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരി ക്കുമ്പോൾ, വേഗത്തിൽ ശക്തിയോടെ ചാടി എഴുന്നേറ്റ് എന്നെ അപായപ്പെടുത്താൻ ശ്രമിക്കയും, ഞാൻ പെട്ടെന്ന് ഭയന്ന് ഉണരു കയും ആയിരുന്നു. ആ ഭയത്തിൽ കിടക്കുമ്പോൾ ആണ്, അതി ഭയങ്കര പ്രകാശം എന്റെ കണ്ണിൽ അടിച്ചതും ഞാൻ ദർശനം കണ്ടതും.

5. മനംതിരിവ്‌

 

2007 ഫെബ്രുവരി 18,   ഞായറാഴ്ച, എനിക്ക്  നാൽപ്പതു വയസ്സ് പൂർത്തിയായ ദിവസം, എന്റെ ആത്മീയ ജീവിതത്തിലെ വഴിത്തിരിവിന് കാരണമായ സംഭവമുണ്ടായി.

 

പള്ളിയിലെ പ്രാർത്ഥനാ യോഗം പ്രസിഡന്റായിരുന്നതിനാൽ, അന്ന് പള്ളിയിൽവച്ച്   നടത്തപ്പെട്ട കൂട്ടായ പ്രാർത്ഥനാ യോഗത്തിൽ     വികാരിയച്ചന്റെ  അഭാവത്തിൽ പ്രസംഗിക്കുവാൻ എഴുന്നേറ്റു. വേദപുസ്തകം തുറന്നപ്പോൾ എനിക്ക് ലഭിച്ചത്, പുറപ്പാട്  20ആം  അദ്ധ്യായം നാലാം വാക്യം “മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്ക ടിയിലോ ജലത്തിലോ ഉള്ള  യാതൊന്നിന്റെയും പ്രതിമ നീ നിർമിക്കരുത്”. 

 

ആ നിമിഷംവരെ, പ്രതിമയെ വണങ്ങുകയും ധൂപം വയ്കുകയും പ്രതിമാനിർമാണത്തെ സഭാപിതാക്കന്മാരുടെ പഠിപ്പിക്കലുകളാൽ പിന്താങ്ങുകയും ചെയ്ത ഞാൻ പതിയെ ആ ഭാഗം അടച്ചു  വീണ്ടും വേദപുസ്തകം തുറന്നപ്പോൾ കിട്ടിയത്  ആവർത്തനം അഞ്ചാം അദ്ധ്യായം.  അതിലെ എട്ടാം വാക്യം. “നിനക്കായി ഒരു വിഗ്രഹവും  ഉണ്ടാക്കരുത്.  മുകളിൽ ആകാശത്തോ  താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്“.

 

എന്റെ ഉള്ളിൽ എന്തോ ഒരു പ്രത്യേക ധൈര്യം ഉളവാകുന്നതായും ആരോ എന്നെ ഈ വാക്യങ്ങൾ ഉറക്കെ വായിച്ചു പ്രസംഗിക്കുന്നതിനു നിർബന്ധിക്കുന്നതായും എനിക്ക് തോന്നി.  പ്രതിമാനിർമാണവും  പ്രതിമാവണക്കവും വിശുദ്ധ വചനത്തിന്റെ അടിസ്ഥാനത്തിൽ തെറ്റാണെന്നു  അപ്പോൾ തന്നെ ഞാൻ പ്രസംഗിച്ചു തുടങ്ങി.  ഇടവകയിലെ മുതിർന്നവരിൽ ചിലർ,  എന്നിൽ പിശാച് കടന്നിരിക്കുന്നു  എന്ന്   ആരോപിച്ച് പ്രസംഗം  തടസപ്പെടുത്തി. 

 

പ്രാർത്ഥനായോഗം പിരിഞ്ഞതിന് ശേഷം ഞാൻ വളരെ ചിന്താ കുലനായി. പരിശുദ്ധാത്മാവിനാൽ രചിക്കപ്പെട്ട വിശുദ്ധ വേദ പുസ്തകത്തിൽ വളരെ വ്യക്തമായി എഴുതപ്പെട്ടിരിക്കുന്ന  വാക്യങ്ങൾ വായിച്ച് അതുപ്രകാരം പ്രതിമാവണക്കം തെറ്റാണെന്നു പ്രസംഗിച്ച എന്നിൽ    പിശാചാണെന്ന്   ഈ നിമിഷംവരെ എന്നെ സ്നേഹിച്ചവർ പറയുമ്പോൾ,  ഇതിൽ എന്തോ   കാര്യമുണ്ടെന്ന്     എനിക്ക് ബോധ്യമായി.  അന്ന്  മുതൽ,  വിശുദ്ധ വേദപുസ്തകം  ക്രമമായും ചിട്ടയോടെയും  പഠിക്കുവാൻ തുടങ്ങി. വചനം വായിക്കുന്തോറും, വർഷങ്ങളായി ചെയ്തുവന്ന  പലതും വചനാടിസ്ഥാനത്തിൽ തെറ്റാണെന്നു ബോധ്യമായി.

 

2007 ഏപ്രിൽ ആറിന്  ദുഃഖവെള്ളിയാഴ്ച,  കർമ്മങ്ങളെല്ലാം കഴിഞ്ഞു    പള്ളിയിൽ ഞാൻ ഒറ്റയ്‌ക് ആയിരുന്നപ്പോൾ, ആത്മാർത്ഥമായി ദൈവത്തോട്   ഇപ്രകാരം പ്രാർത്ഥിച്ചു  "കർത്താവേ, ഞാൻ ആയിരിക്കുന്ന ഈ അവസ്ഥയെക്കുറിച്ച്  എനിക്ക്  ബോധ്യപ്പെട്ടിരിക്കുന്നു. എനിക്ക് സ്വയമായി ഇതിൽ നിന്നും രക്ഷ പെടുവാൻ സാധ്യമല്ല. എന്നെ ഈ കെട്ടുപാടിൽനിന്നും വിടുവി ക്കേണമേ"

6. അബുധാബിയിൽ വച്ച്  രക്ഷിക്കപ്പെടുന്നു

 

2007 ഡിസംബറിൽ, എന്റെ പ്രാർത്ഥനയ്‌ക് മറുപടി ലഭിച്ചു. അബുധാബിയിൽ NPCC എന്ന കമ്പനിയിൽ, ഞാൻ അറിയാതെ   എന്റെ ഇളയ സഹോദരൻ അനിൽ കൊടുത്തിരുന്ന ഒരു അപേക്ഷ മുഖാന്തിരം  എഞ്ചിനീയറിംഗ്  ട്രെയിനർ  ആയി ജോലി  ലഭിച്ചു. വളരെ വേഗം, പള്ളിയിലെയും രൂപതയിലേയും സ്ഥാനമാനങ്ങൾ ഒഴിവാക്കി, ക്ലിനിക്കും രോഗികളെയും  വേറെ ഡോക്ടറെ  ഏല്പിച്ച് 2007  ഡിസംബർ  24ന്  അബുധാബിയിൽ എത്തി ജോലിയിൽ പ്രവേശിച്ചു. 

 

അബുധാബി സെയ്ന്റ് ജോസഫ് കത്തോലിക്കാ പള്ളിയിലെ സ്ഥിരം സന്ദർശകൻ ആയി. അവിടെ നടത്തപ്പെട്ടിരുന്ന മലങ്കര കത്തോലിക്കാ ശുശ്രൂഷകളിലും വളരെ താല്പര്യത്തോടെ പങ്കെടുത്തുവന്നു.  അപ്പോഴും, പെന്തക്കോസ്തുകാരോടുള്ള  അടങ്ങാത്ത വിരോധം എന്റെ മനസ്സ് നിറഞ്ഞു നിന്നു. കത്തോലിക്കാ സഭാംഗങ്ങൾ മാത്രമേ മരണശേഷം സ്വർഗത്തിൽ പ്രവേശിക്കയുള്ളൂ എന്ന ഉറച്ച വിശ്വാസത്തിനു ഞാൻ അപ്പോഴും  അടിമ ആയിരുന്നു.

 

2009 ഡിസംബർ 9, ബുധനാഴ്ച വൈകിട്ട്, അബുധാബിയിൽ പള്ളിയിൽ പോയി വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു മടങ്ങി വരുമ്പോൾ, വാരാന്ത്യം ആഘോഷിക്കുവാനായി ഉള്ള മദ്യവും സിഗരറ്റും ഒക്കെ വാങ്ങി മുറിയിൽ എത്തി.  കുറച്ചു കഴിഞ്ഞപ്പോൾ,  വളരെ  ദൂരെ നിന്ന് എന്നെ ആരോ വിളിക്കുന്നതായി കേട്ടു.  ഞാൻ കേട്ട ശബ്ദം ഇതായിരുന്നു "ആൻസൺ, നീ പാപിയാണ്, മാനസാന്തരപ്പെട്ട്  ദൈവത്തിങ്കലേക്കു തിരിയുക". 

 

ഇത്  എന്നെ വല്ലാതെ അസഹ്യപ്പെടുത്തി. കാരണം, വലിയ പാപം ഒന്നും ചെയ്യാതെ  കഴിവതും വിശുദ്ധമായി ജീവിക്കുന്നവൻ എന്ന അഹംഭാവമുണ്ടായിരുന്ന എനിക്ക് ഈ കേട്ടത് ഒരു വിധത്തിലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. തുടർന്ന് അടുത്ത ശബ്ദം കേട്ടു  "ആൻസൺ, നിന്റെ പാപങ്ങൾ നിന്നെ എന്നിൽനിന്നും വളരെ    അകലെയാക്കിയിരിക്കുന്നു. മാനസാന്തരപ്പെട്ട് തിരിഞ്ഞു കൊൾക".  ഇപ്രാവശ്യം, കേട്ടത്  അത് ഒരു ആജ്ഞ ആയിരുന്നു.

 

ഞാൻ തിരികെ ഇപ്രകാരം പറഞ്ഞു, "ഞാൻ ഇപ്പോൾ പള്ളിയിൽ പോയി കുമ്പസാരിച്ചു കുർബാന അനുഭവിച്ചുവന്നതേ ഉള്ളൂ. എന്റെ പാപം എല്ലാം ക്ഷമിക്കപ്പെട്ടതാണ്. ഈ പറഞ്ഞത് സത്യമെങ്കിൽ എന്റെ പാപങ്ങൾ എനിക്ക് വെളിപ്പെടുത്തണം". പറഞ്ഞു തീർന്നതും, എന്റെ മുൻപിൽ വളരെ വ്യക്തമായി,  തിരിച്ചറിവായ കാലം മുതൽ ഞാൻ ചെയ്ത ചെറിയതും വലിയതുമായ  പാപങ്ങൾ ഒരു തിയറ്ററിൽ സിനിമാ കാണുന്നതുപോലെ വെളിപ്പെടാൻ തുടങ്ങി. കണ്ണടച്ചാലുടൻ, മുൻപിൽ, ഞാൻ കുമ്പസാരിച്ച് പുരോ ഹിതൻ കല്പിച്ച പരിഹാരം ചെയ്ത പാപങ്ങൾ ഓരോന്നോരോന്നായി തെളിഞ്ഞു വന്നു. ഇവയിലൊന്നുപോലും ക്ഷമിക്കപ്പെട്ടിട്ടില്ല എന്നുള്ള ആഴമായ  ബോധം എന്നിലുണ്ടായി. പരിശുദ്ധാത്മാവാണ് ഒരുവനിൽ   പാപത്തെക്കുറിച്ച്  ബോധ്യം വരുത്തുന്നത് എന്നുള്ള വചനഭാഗം ഓർമയിൽ വന്നു.

 

മൂന്നാം ദിവസം, അതായത്    2009 ഡിസംബർ 12 ആം തീയതി  ഞാൻ ദൈവസന്നിധിയിൽ കവിണ്ണുവീണ്  പാപക്ഷമയ്‌ക്കായി അപേക്ഷിച്ച്  കർത്താവായ യേശുക്രിസ്തുവിനെ എന്റെ സ്വന്ത രക്ഷിതാവും കർത്താവുമായി അംഗീകരിച്ച്  ഏറ്റുപറഞ്ഞു.  അപ്പോൾ തന്നെ ഒരു തീരുമാനം എടുത്തു "ഇനി ജീവിക്കു ന്നുവെങ്കിൽ എന്റെ പാപത്തെക്കുറിച്ച് എനിക്ക് ബോധ്യം  വരുത്തി മാനസാന്തരപ്പെടുവാൻ സഹായിച്ച്‌  എന്നെ രക്ഷിച്ച ക്രിസ്തുവിനു  വേണ്ടി ജീവിക്കും."

 

ആ നിമിഷം തന്നെ എന്റെ ശരീരത്തിൽ നിന്നും എന്തൊക്കെയോ വിട്ടുപോകുന്നതും വലിയ ഭാരക്കുറവ് ഉണ്ടാകുന്നതും എനിക്ക് അനുഭവപ്പെട്ടു. എനിക്ക് അന്നുവരെ ഉണ്ടായിരുന്ന രോഗശാന്തി, ഭാവി പ്രവചനം, ശരീരം വിട്ടു യാത്ര ചെയ്യൽ, ഒറാഗ്രഫി, അതീന്ദ്രിയ ശക്തി  എന്നിങ്ങനെ ഉള്ള അമാനുഷിക കഴിവുകൾ ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയി.

 

അടുത്ത ദിവസം പ്രഭാതത്തിൽ ഒരു സ്വപ്നം കണ്ടുകൊണ്ടാണ് ഞാൻ ഉണർന്നത്. എന്റെ ഏക ഇടപെടലിലൂടെ   തലേ ആഴ്ച പരിഹരിക്കപ്പെട്ട, കമ്പനിയുടെ ഒരു ബാർജിലെ ഗൗരവമായിരുന്ന  ഒരു പ്രശ്നത്തെക്കുറിച്ച് എന്റെ HOD എന്നോട് അനാവശ്യമായ ഒരു തർക്കത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് ആയിരുന്നു ആ സ്വപ്നം. തർക്കം വളരെ ചൂടേറിയതായും ഞാൻ അപ്പോൾ തന്നെ  രാജി വച്ചതായും സ്വപ്നത്തിൽ കണ്ടു.  അതിനാൽ  13ആം  തീയതി രാവിലെ  ഓഫീസിൽ എത്തിയപ്പോൾ തന്നെ ഒരു റെസിഗ്നേഷൻ ഫോം പൂരിപ്പിച്ചു ഒപ്പിട്ടു കൈയ്യിൽ കരുതി.  സ്വപ്നത്തിൽ ഞാൻ കണ്ടതെല്ലാം അതേപടി സംഭവിച്ചു. തർക്കത്തിന് തൊട്ടു പിന്നാലെ കൈയ്യിൽ കരുതിയിരുന്ന റെസിഗ്നേഷൻ ഫോം അദ്ദേഹത്തെ ഏൽപിച്ചു ഞാൻ രാജിവച്ചതായി അറിയിച്ചു. ജോലിയിൽ തുടരുവാനായി എനിക്ക് പ്രൊമോഷനും ശമ്പള വർധനയും വാഗ്ദാനം ചെയ്തു. പക്ഷെ, തീരുമാനത്തിൽ നിന്നും  മാറുവാൻ ഞാൻ തയ്യാറായില്ല. രാജിവച്ചശേഷം,   ജബൽഅലിയിലുള്ള ഒരു കമ്പനിയിൽ എഞ്ചിനീയറിംഗ് മാനേജർ ആയി ഇരട്ടി ശമ്പളത്തോടെ ഒരു ജോലി വാഗ്ദാനം ലഭിച്ചു.   അതും വേണ്ടെന്നു വച്ചു.

 

2006 സെപ്റ്റംബർ ആറാം തീയതി പുല്ലാട് തെറ്റുപാറയ്കു  സമീപം വസ്തു വാങ്ങി പണികഴിപ്പിച്ച ഭവനത്തിലേക്ക് ഞങ്ങൾ താമസം മാറ്റിയിരുന്നു.  2010 ജനുവരി പത്താം തീയതി പ്രഭാതത്തിൽ കയ്യിൽ വേദപുസ്തകവും പിടിച്ചു വീട്ടിലേക്ക്‌ കയറി വന്നപ്പോൾ, ആഷ അത്ഭുതപ്പെട്ടു എങ്കിലും ഞാൻ സാവധാനം കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോഴാണ് ഒരു വിധത്തിലും സ്വീകരിക്കാൻ കഴിയാത്ത ആ യാഥാർത്ഥ്യം ആഷ അറിഞ്ഞത്.

 

ആഷ,  ഓർത്തഡോക്സ്‌  വിശ്വാസത്തിൽ പള്ളിയുമായി വളരെ  ചേർന്ന് ബാംഗ്ളൂരിൽ  ജീവിച്ചു വളർന്ന വ്യക്തി ആണ്.

7. പെന്തക്കോസ്തുകാരെ അടുത്തറിയുന്നു.

 

ക്രിസ്തുയേശുവിൽ രക്ഷിക്കപ്പെട്ടവനായി തിരികെ നാട്ടിൽ എത്തിയ എന്നെ കാത്തിരുന്നത്, കഷ്ടപ്പാടിന്റെയും വേദനയുടെയും പരിഹാസത്തിന്റെയും ദിനങ്ങളാണെന്നു ഒരിക്കലും ചിന്തിച്ചിരുന്നില്ല. പ്രിയപ്പെട്ടവരും ബന്ധുക്കളും

സുഹൃത്തുക്കളും എല്ലാം അന്യരെപ്പോലെ ആയി. പുരോഹിതന്മാർ മസ്തിഷ്ക ക്ഷാളനത്തിലൂടെ തിരികെ പള്ളിയിൽ കൊണ്ടുവരുവാൻ ഭാരിച്ച ശ്രമങ്ങൾ നടത്തി. സ്വന്തക്കാരും സുഹൃത്തുക്കളായവരും ധാരാളം അപവാദങ്ങൾ പ്രചരിപ്പിച്ചു.

 

 എനിക്ക് അക്കാലത്ത് എല്ലാവരോടും ഒന്നേ പറയുവാനുണ്ടായിരുന്നുള്ളു "മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ എന്റെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവ സ്നേഹത്തിൽ നിന്നു എന്നെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു."

 

 2010 ഫെബ്രുവരിയിൽ, വീടിനടുത്ത് താമസിയ്കുന്ന പാസ്റ്റർ  CJ ജോൺസനുമായി പരിചയപ്പെട്ടു. അദ്ദേഹം നേതൃത്വം കൊടുത്തിരുന്ന ഖാദോഷ് ക്രിസ്ത്യൻ ചർച്ചിൽ പ്രാർത്ഥനയിൽ പങ്കെടുക്കാൻ ആരംഭിച്ചു. അന്ന് മുതൽക്കാണ്  പെന്തകൊസ്തുകാരുമായി ഞാൻ അടുക്കുവാൻ തുടങ്ങിയത്. അതെ മാസം തന്നെ സ്നാനപ്പെടുവാൻ തയ്യാറായി എങ്കിലും കടുത്ത എതിർപ്പിനാൽ  അപ്പോൾ സ്നാനപ്പെടുവാൻ കഴിഞ്ഞില്ല.

 

 2010 മെയ് മാസത്തിൽ, ആദ്യ ഞായറാഴ്ച ഇടവക പള്ളിയിൽ എത്തി വിശുദ്ധ കുർബാനയിൽ അവസാനമായി പങ്കെടുത്തു. കുർബാനയ്കു ശേഷം, “ഇനി ഞാൻ പള്ളിയിൽ വരികയില്ല” എന്ന്  ഉറക്കെ പ്രഖ്യാപിച്ചു.

 

 പലരും പലതും പറഞ്ഞു എന്നെ സ്നേഹത്തോടെ ഉപദേശിക്കുവാൻ ശ്രമിച്ചു എങ്കിലും, എനിക്ക് ദൈവാൽമാവ് ഉള്ളിൽ വെളിപ്പെടുത്തിയ സത്യവും, ഞാൻ ദർശനത്തിലൂടെ അനുഭവിച്ച യാഥാർഥ്യങ്ങളും എന്റെ തീരുമാനത്തെ  ഇളകുവാൻ അനുവദിച്ചില്ല. അവർഎല്ലാവരോടും സ്നേഹത്തോടുകൂടി മറുപടി കൊടുത്തു. കത്തോലിക്കാ സഭയുമായുള്ള കൗദാശീകവും ആൽമീയവും ആയ ബന്ധം വേർപെടുത്തി. ഇന്നും, സഭയിലെ വിശ്വാസികളും പുരോഹിതന്മാരും സന്യസ്തരുമായുള്ള വ്യക്തിപരമായ സ്നേഹബന്ധങ്ങൾ പഴയതുപോലെ തുടരുകയും കാത്തു സൂക്ഷിക്കുകയും ചെയ്തു വരുന്നു.

8. പരിശുദ്ധാത്മനിറവ്, വിശ്വാസ സ്നാനം

 

തുടർന്നുള്ള ഞായറാഴ്ചകളിൽ ആഷയെയും കുട്ടികളെയും പള്ളിയിൽ കൊണ്ടാക്കിയിട്ടു മടങ്ങി ഭവനത്തിൽ എത്തി മുറി യടച്ചിട്ടു  പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. അങ്ങനെ ഒരു  ഞായറാഴ്ച, 2010 ജൂൺമാസം 27നു മുറിക്കുള്ളിൽ മുഴങ്കാലിൽ ഇരുന്നു പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ, ഒരു പ്രത്യേക ശക്തിയാൽ നിറയപ്പെട്ട്  ബലപ്പെട്ടു  പ്രത്യേക സന്തോഷം ഹൃദയത്തിൽ നിറഞ്ഞു. അപ്പോൾ, എനിക്ക്  മനസ്സിലായി ഞാൻ പ്രാർത്ഥിക്കുന്നത് മലയാളത്തിൽ അല്ല, ഒരിക്കലും കേട്ടിട്ടില്ലാത്ത മറ്റേതോ ഒരു ഭാഷയിൽ ആണ് എന്ന്.  ഏകദേശം ഹെബ്രായ/ അറബി ഭാഷകൾ പോലെ ഉള്ള ഒരു ഭാഷ. അതിനു ശേഷം, ഒറ്റയ്ക് പ്രാർത്ഥനയ്‌ക്കായി ഇരിക്കുമ്പോൾ ഒക്കെ, ഈ ഭാഷയിൽ പ്രാർത്ഥിക്കുവാൻ തുടങ്ങി. ആദ്യം നാലോ അഞ്ചോ വാക്കുകൾ ആയിരുന്നത് ക്രമേണ വർധിച്ചു സാധാരണ മലയാളത്തിൽ സംസാരിക്കുന്നതുപോലെ ഈ ഭാഷയിൽ ദൈവത്തോട് പ്രാർത്ഥിക്കുവാൻ ആരംഭിച്ചു.  ഇത്,  പൗലോസ് അപ്പോസ്തോലൻ പരാമർശിച്ച; വിശ്വാസികൾ ദൈവത്തോട് സംസാരിക്കുന്ന അന്യഭാഷ ആണെന്നു പിന്നീട് ഗ്രഹിച്ചു. ഈ ഭാഷയിൽ പ്രാർത്ഥിച്ചു കഴിയുമ്പോൾ, വിശുദ്ധ വചനത്തിലെ ഒരു വാക്യം ഓർമയിൽ വരുകയും അതിന്റെ അർത്ഥവും  വ്യാഖ്യാനവും ലഭിക്കുന്നതായും  എനിക്ക് ബോധ്യമായി.

 

2010   സെപ്റ്റംബർ 14ന്  സ്കൂട്ടറിൽ യാത്ര ചെയ്യവേ, അപരിചിതനായ  ഒരു വ്യക്തി എന്നെ കൈ കാണിച്ചു റോഡരികിൽ   നിർത്തിച്ചിട്ടു  ഇപ്രകാരം  വിളിച്ചു പറഞ്ഞു. "ഗൾഫിൽ നിന്നും എന്റെ വേലയ്‌ക്കായി നിന്നെ ഞാൻ കൊണ്ടു വന്നിരിക്കുന്നു. നീയോ  സ്നാനപ്പെടാതെ നടക്കുന്നു. വേഗം പോയി സ്നാനപ്പെട്ടോണം".

 

അതൊരു പ്രവാചകനാണെന്നും എന്നെ  ഇതറിയിക്കാൻ ദൈവം നിയോഗിച്ചതാണെന്നും  പിന്നീട്      മനസ്സിലായി. സ്നാനപ്പെടുവാനായി, ഞാൻ ജോൺസൻ പാസ്റ്ററെ  സമീപിച്ചു. അപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത്,    2010 സെപ്റ്റംബർ 21 ആം തീയതി  വെളുപ്പിന് അഞ്ചുമണിക്ക്, കൂരിരുട്ടിൽ, കുറിയന്നൂരിന്നടുത്ത്  പമ്പയാറിന്റെ ആഴമുള്ള ഒരു ഇടത്ത്  സ്നാനത്തിനിറങ്ങുന്നതിനു മുൻപ്  ദൈവദാസൻ ഇങ്ങനെ പ്രാർത്ഥിച്ചു "കർത്താവേ,  പരസ്യമായി ചെയ്യേണ്ടതാണ്   ഞങ്ങൾക്ക് നിവൃത്തിയില്ലല്ലോ. ക്ഷമിക്കേണമേ."

 

വെള്ളത്തിലേക്കിറങ്ങുമ്പോൾ ഒരാൾ ഒച്ചയുണ്ടാക്കി    ഞങ്ങളുടെ അടുത്തേക്കോടിയെത്തി (പേര് തോമസ്). അടുത്തെത്തിയപ്പോഴാണ്, സ്നാനമാണെന്നു അദ്ദേഹത്തിന്   മനസ്സിലായത്. ഞങ്ങളോടൊപ്പം   അദ്ദേഹവും പ്രാർത്ഥിച്ചു. സ്നാനത്തിനു ശേഷം അദ്ദേഹം  ഞങ്ങളോടൊപ്പം മുഴങ്കാലിൽ പ്രാർത്ഥനയ്‌ക്കായി ഇരുന്നു. കർത്താവ് എന്നെ  അപ്പോൾ ഏല്പിച്ച ഒരു ദൂത്  (അദ്ദേഹത്തിന്റെ മൂത്ത മകന്റെ  മാറാരോഗത്തെക്കുറിച്ചുള്ളത്) അറിയിച്ചു  ഞങ്ങൾ പ്രാർത്ഥിച്ചു  പിരിഞ്ഞു.

 

 

9. 40 ദിവസത്തെ ഉപവാസപ്രാർത്ഥന.

 

2010 നവംബർ 23 മുതൽ ദിവസം ഒരുനേരം മാത്രം ലഘുഭക്ഷണം കഴിച്ചു 40 രാവും പകലും ഉപവാസത്തോടെ പ്രാർത്ഥിക്കുവാൻ ദൈവം എന്നെ സഹായിച്ചു. ഈ ഉപവാസപ്രാർത്ഥനയോടെ, വിശുദ്ധ വചനത്തിന്റെ മർമങ്ങൾ ആഴമായി ഗ്രഹിക്കുവാൻ ദൈവം എനിക്ക് ഇടയാക്കി.

 

 ഇതിന്നിടയിൽ, എന്നെ തിരികെ പള്ളിയിൽ എത്തിക്കുവാനായുള്ള  ജപമാല പ്രാർത്ഥനയും നോമ്പു നോക്കലും നേർച്ച പറയലും ഒക്കെ കുടുംബത്തിന്റെ ഭാഗത്തുനിന്നു മുറയ്ക് നടക്കുന്നുണ്ടായിരുന്നു. 2010 ഡിസംബറിൽ ഒന്നാം തീയതി  മുതൽ, മാരാമണ്ണ് കുടുംബ വീട്ടിൽ 25 ദിവസം എന്റെ പേർക്ക് നോമ്പു നോക്കുന്നതായി അറിഞ്ഞു.

 

 ആഷയെയോ കുഞ്ഞുങ്ങളെയോ ഞാൻ ഒരുവിധത്തിലും അവരുടെ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കുവാൻ നിർബന്ധിക്കുകയോ അവരെ കുറ്റപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഞാൻ തന്നെ അവരെ പള്ളിയിൽ കൊണ്ടാക്കുകയും തിരികെ കൊണ്ടു വരികയും ചെയ്തിരുന്നു. നോമ്പ് വീടുന്ന ദിവസം ക്രിസ്തുമസിന്റെ ശുശ്രൂഷയ്കായി 24നു രാത്രിയിൽ ആഷയെയും കുഞ്ഞുങ്ങളെയും പള്ളിയിൽ പോകുവാൻ നിർബന്ധിച്ച് അവരെ ഒരുക്കി കാറിൽ പള്ളിയിലേക്ക് പോകുന്നവഴി ചെട്ടിമുക്കിനുള്ള ഒരു വേർപെട്ട ആരാധനാലയത്തിന് സമീപം എത്തിയപ്പോൾ കാർ നിർത്തുവാൻ ആഷ ആവശ്യപ്പെടുകയും കുഞ്ഞുങ്ങളെയും കൂട്ടി അവിടെ നടന്നുകൊണ്ടിരുന്ന ആരാധനയിൽ  സംബന്ധിക്കയും ചെയ്തു. ആരാധനാശേഷം, പള്ളിയിലേക്ക് പോകുവാൻ പറഞ്ഞപ്പോൾ ആഷ, "ഇനി പള്ളിയിലേക്കില്ല" എന്ന് ഉറപ്പിച്ച് പറഞ്ഞു. ഞാൻ ദൈവത്തെ മഹത്വപ്പെടുത്തി. ഞങ്ങൾ സന്തോഷത്തോടെ വീട്ടിൽ തിരികെയെത്തി. 2010 ഡിസംബർ 31 രാത്രി യോഗത്തിൽ ആഷയും കുഞ്ഞുങ്ങളും എന്നോടൊപ്പം പെന്തകോസ്ത് പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്തു.  ദൈവത്തിനു സ്തോത്രം.

 

 2011 മാർച്ചു മാസം ആറാം തിയതി, ആഷയും ആലീസും ഖാദോഷ് ചർച്ചിൽ പാസ്റ്റർ ജോൺസന്റെ കൈക്കീഴിൽ സ്നാനപ്പെട്ടു. തുടർന്നു ഞങ്ങൾ കുടുംബമായി ഒരുമിച്ചു കർത്താവിന്റെ വേലയിൽ വ്യാപൃതരായി. ഞങ്ങൾ പരിചയപ്പെടുന്നവരോടും ഇടപെടുന്നവരോടും സുവിശേഷം പങ്കുവയ്ക്കാൻ ആരംഭിച്ചു.

 

 ഒരിക്കൽ, പുല്ലാട് ജംഗ്ഷനിൽ എന്റെ ക്ലിനിക്കിൽ ചികിത്സയ്ക്കായി വന്ന മധ്യവയസ്കനായ ഒരു ക്രിസ്തീയ വ്യക്തിയോട് യേശുവിന്റെ സുവിശേഷം അറിയിച്ചപ്പോൾ, അദ്ദേഹം കുപിതനായി എന്നെ കൈയ്യേറ്റം ചെയ്യുവാൻ ചാടി എഴുന്നേറ്റതും, അദ്ദേഹത്തിന്റെ സഹധർമിണി ഇടയ്കു വീണു തടസ്സം പിടിച്ചതുകൊണ്ടു എനിക്ക് വലിയ പരിക്ക് എൽകാതിരുന്നതും ഓർക്കുന്നു. എന്റെ ക്ലിനിക്കിൽ വരുന്ന രോഗികളോട് സുവിശേഷം അറിയിച്ച്  അവരെ പുല്ലാട്ടു ഞങ്ങൾ കൂടി വന്ന സഭയിൽ കൊണ്ടുവരുവാൻ തുടങ്ങി.

10.  ദർശനങ്ങൾ, പ്രവചനങ്ങൾ, അത്ഭുത

             രോഗശാന്തി.

 

പരിശുദ്ധാത്മ ശക്തിയാലുള്ള ബലപ്പെടുത്തലോടു കൂടെ പരിശു ദ്ധാത്മാവിന്റെ കൃപാവരങ്ങളും എന്നിൽ വെളിപ്പെട്ടു തുടങ്ങി. പ്രാർത്ഥനയുടെ സമയത്തു ദർശനങ്ങൾ കാണുവാനും അവയെ വിശദീകരിച്ചു  ദൂതായി നൽകുവാനും  കൃപ ലഭിച്ചു.

 

അവയിൽ ചുരുക്കം ചിലതു മാത്രം ഈ അനുഭവ സാക്ഷ്യത്തിൽ ഉൾപ്പെടുത്താൻ  ആഗ്രഹി ക്കുന്നു.

 

2011 ജൂണിൽ ആദ്യ ഞായറാഴ്ച, പുല്ലാട്ടു ഞങ്ങൾ സഭായോഗം കൂടിയിരുന്ന സഭയിൽ വചനശുശ്രൂഷ നടത്തിയത്  Pr. തോമസ് (മുഴുവൻ പേരും എഴുതുന്നില്ല)   ആയിരുന്നു. ഞാൻ അദ്ദേഹത്തെ അന്ന് ആദ്യമായി കാണുകയായിരുന്നു. വളരെ സൗമ്യനും പ്രസന്നവദനനും കീറലും തുന്നലും ഉള്ള ജൂബയും പാന്റ്സും വേഷം. വളരെ പക്വതയോടെ വിശുദ്ധ വചന ശുശ്രൂഷ നിർവഹിച്ചു.   അദ്ദേഹം ഒരു പത്രത്തിന്റെ നടത്തിപ്പുകാരൻ  എന്നാണ് പരിചയപ്പെടുത്തിയത്. എന്നാൽ,  ജൂൺ 12ന്    ഞായറാഴ്ച്ച കർത്തൃമേശ ശുശ്രൂഷയ്‌ക്കായുള്ള ഒരുക്ക പ്രാർത്ഥനാസമയത്തു, ഞാൻ ഒരു ദർശനം കണ്ടു.  മുകളിൽ പറഞ്ഞ  പാസ്റ്റർ തോമസ്, എനിക്ക് പരി ചയം ഉള്ള ക്നാനായ മെത്രാന്മാരുമായി വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്നു. ഈ പാസ്റ്റർ,   അതിൽ ഒരു മെത്രാന്റെ (വള്ളം കുളം) കാപ്പയ്ക് അകത്തു ഒളിച്ചിരുന്നു വിശുദ്ധ കുർബാന സ്വീകരി ക്കുന്നു. ഞാൻ അപ്പോൾ തന്നെ സഭാ പാസ്ടറോട് ഇക്കാര്യം പറഞ്ഞു, "പാസ്റ്ററേ, തോമസ് പാസ്റ്റർ  വഞ്ചകനാണ്. തീർച്ചയായും അയാൾ തിരികെ ക്നാനായ സഭയിൽ പോകും"  എന്ന്.  അപ്പോൾ സഭാപാസ്റ്റർ  "അത് സഹോദരന്റെ തോന്നൽ ആയിരിക്കാം" എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു.

 

അത്ഭുതം എന്ന് പറയട്ടെ, തൊട്ടടുത്ത ആഴ്ച പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പത്രത്തിൽ ക്നാനായ സഭയുടെ ചരിത്രവും  അതിൽ  മെത്രാന്മാരുടെ ചിത്രങ്ങളും.  ജൂൺ 30നു  ഞാൻ പാസ്റ്റർ തോമസിന്  ഇക്കാര്യം എഴുതി ഒരു ഇ-മെയിൽ അയച്ചു    മാനസാന്തരപ്പെടുവാൻ ആഹ്വാനം ചെയ്തു.  ഇ-മെയിലിന്റെ കോപ്പി തെളിവായി ഇവിടെ ചേർക്കുന്നു. അന്നത്തെ പത്രവും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. കാരണം, എനിക്ക് അത്ര ഉറപ്പായിരുന്നു ഇദ്ദേഹം തിരികെ ക്നാനായ സഭയിൽ പോകുമെന്ന്. ദർശനം കാട്ടിയതും പ്രവചന ദൂത് നൽകിയതും പരിശുദ്ധാത്മാവാം ദൈവം അത്രേ.

 

തുടർന്നുള്ള കാലങ്ങളിൽ, പാസ്റ്റർ തോമസ് ഞങ്ങളുടെ സഭാ  പാസ്റ്ററുമായി വളരെ അടുക്കുകയും അവർ ഒരുമിച്ചു ധാരാളം ആത്മീയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അപ്പോഴൊക്കെ ഞാൻ സഭാപാസ്റ്ററിനു മുന്നറിയിപ്പ് നൽകി.

 

2013 ജൂലായിൽ കർത്താവു കല്പിച്ചതു അനുസരിച്ചു ഞങ്ങൾ കുടുംബമായി പൂർണസമയസുവിശേഷ പ്രവർത്തനങ്ങളിലേക്ക് തയ്യാറെടുക്കയും  പുല്ലാട്ടെ  സഭയിൽ നിന്നും മാറുകയും ചെയ്തു.  ദൈവം എന്നെ ദർശിപ്പിക്കയും, ഞാൻ പലപ്പോഴായി ഈ വിഷയ ത്തിൽ  പ്രവചന ദൂതുകളായി നൽകിയതും ആയ  എല്ലാ  സംഗതികളും  അപ്പാടെ പിൽക്കാലത്തു സംഭവിക്കയും ചെയ്തു.  ഇക്കാര്യം മലയാളി ക്രിസ്തീയ സമൂഹം അറിയുന്നതാണല്ലോ.

 

ഇനി വേറൊന്ന്.

 ഹെബ്രോൻ പുരത്തു 2013 ഇൽ നടത്തപ്പെട്ട 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ അവസാന ദിവസം അർദ്ധരാത്രി 12:40am ന്, IPC യുമായി അന്ന് യാതോരു ബന്ധവും ഇല്ലാതിരുന്ന എന്നെ കർത്താവു ഉണർത്തി എന്നോട് ഇപ്രകാരം സംസാരിച്ചു. "നീ ഒരു കറുത്ത പാന്റ്സും വെള്ള ഉടുപ്പും ധരിച്ചു വേഗം കുമ്പ നാട്ടു ഹെബ്രോൻ പുരത്തു ചെല്ലുക. അവിടെ സ്റ്റേജിൽ ഇരിക്കുന്ന വ്യക്തിയോട് (മൂന്നു വാക്യങ്ങൾ തന്നിട്ട്) ഇത് ദൂതായി പറഞ്ഞു, വേഗം അവിടം വിട്ടു പോരുക". ഞാൻ കർത്താവു പറഞ്ഞത് അനുസരിച്ചു ഒരുമണി ആയപ്പോൾ  അവിടെ എത്തി. അപ്പോൾ മുഴുരാത്രി പ്രാർത്ഥന നടക്കുന്നു.  സഹോദരിമാരും സഹോദരന്മാരും എഴുന്നേറ്റു നിന്ന് പ്രവചിക്കുന്നു. കൃശഃഗാത്രനായ ഒരു ദൈവദാസൻ മൈക്കിലൂടെ മീറ്റിംഗ് ലീഡ് ചെയ്യുന്നു (പോലീസ് മത്തായി പാസ്ടർ ആയിരുന്നു എന്ന് പിന്നീടു അറിഞ്ഞു). ഞാൻ ഇപ്പോഴും ഓർക്കുന്നു; പ്രായമുള്ള ഒരു അമ്മ  എഴുന്നേറ്റു ഇപ്രകാരം വിളിച്ചു പറഞ്ഞു, "ഞാൻ ഇവിടെ ഒരു സർപ്പശക്തി കാണുന്നു". ഉടനെ ലീഡ് ചെയ്യുന്ന പാസ്റ്റർ വിളിച്ചു ചോദിക്കുന്നു "അമ്മാമ്മേ, മോശയുടെ സർപ്പമാണോ അതോ ഫറവോന്റെ  സർപ്പമോ?".  ഞാൻ കുറച്ചു  സമയം അവിടെ കാത്തുനിന്നു. സ്റ്റേജിൽ, പ്രായമുള്ള ഒരു ദൈവദാസൻ ഇതെല്ലം വീക്ഷിച്ചു കൊണ്ട് ഇരിക്കുന്നു. (അന്ന് പാസ്റ്റർ ജേക്കബ് ജോണിനെ എനിക്ക് പരിചയം ഇല്ലായിരുന്നു.) മീറ്റിംഗ് കുറച്ചു ശാന്തമായപ്പോൾ ഞാൻ സ്റ്റേജിൽ ഇരുന്ന ദൈവദാസന്റെ അടുത്ത് ചെന്ന് ഇപ്രകാരം പറഞ്ഞു. "പാസ്റ്റർ, എന്റെ പേര് ആൻസൺ. ഞാൻ പുല്ലാട്ടുനിന്ന് വരുന്നു. IPC വിശ്വാസി അല്ല. കർത്താവു എന്നെ ഇപ്പോൾ ഉണർത്തി ചില ദൂതുകൾ അങ്ങേയ്കു കൈമാറാൻ ഏല്പിച്ചു. അവ ഇവയാണ്"   കർത്താവു നൽകിയ ദൂതുകൾ അതുപോലെ അദ്ദേഹത്തെ അറിയിച്ചു, ഞാൻ വേഗം തിരികെ എത്തി. (പിന്നീട് 2016 ജനുവരിയിൽ, കുമ്പനാട് ഹെബ്രോൻപുരത്തു   പാസ്റ്റർ ജേക്കബ് ജോണിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉപവാസ പ്രാർത്ഥനയിൽ  29ആം  ദിവസം, യാദൃശ്ചികമായി,  IPC യിലെ ഒരു വിശ്വാസിയായി വചന ശുശ്രൂഷ നിർവഹിക്കുവാൻ ഇടയാക്കിയത് ഓർത്തു ദൈവത്തെ മഹത്വപ്പെടുത്തുന്നു.)

 

ദൈവം നൽകുന്ന ദർശനങ്ങളെയും പ്രവചന ദൂതുകളെയും തുശ്ചീകരിക്കുന്ന പ്രിയപ്പെട്ടവർക്കായി ഒരു ദർശനം കൂടെ എഴു തട്ടെ.  2013ൽ, പുല്ലാട് പ്രദേശങ്ങളിൽ ഉള്ള ദൈവ സഭകളിൽ നിന്ന് അനേകർ ഞങ്ങളുടെ ഭവനത്തിൽ വന്നു അവരുടെ സഭയിൽ ചേരുവാൻ ഞങ്ങളെ നിർബന്ധിക്കുന്ന കാലത്ത്,   ഒരു ദിവസം പ്രാർത്ഥനയിൽ ഇരിക്കുമ്പോൾ ഇപ്രകാരം ഒരു കാഴ്ച കർത്താവു  എന്നെ ദർശിപ്പിച്ചു. എനിക്ക് വളരെ പരിചയമുള്ള ഒരു  വ്യക്തി, 500 രൂപയുടെ ഒരു നോട്ടു കെട്ടിന്മേലും, 1000 രൂപയുടെ ഒരു  കെട്ടിന്മേലും കൈകൾ വച്ച് ശക്തമായി പ്രാർത്ഥിക്കുന്നു. അപ്പോൾ, എനിക്ക് കാര്യം മനസ്സിലായില്ല. അന്ന് വൈകുന്നേരം, എനിക്ക് അധികം പരിചയമില്ലാത്ത ഒരു മേസ്തിരി, ഭവനത്തിൽ വന്നു ഞങ്ങളുടെ വീടുപണി കഴിഞ്ഞുള്ള കുറെ കരിങ്കല്ല് ബാക്കി വന്നത്  കൊടുക്കുമോ എന്ന് ചോദിച്ചു. അദ്ദേഹം വീട് പണിതു കൊണ്ടിരിക്കുന്ന ഒരു പാവപ്പെട്ട ഭവനത്തിൽ കുറച്ചു കല്ലിന്റെ ആവശ്യം ഉണ്ടെന്നു പറഞ്ഞു. ഞാൻ പറഞ്ഞു, ഒന്നും തരേണ്ട, എടുത്തു കൊണ്ട് പോയ്‌കൊള്ളൂ എന്ന്. അദ്ദേഹം അത് കൊണ്ട് പോയി. അടുത്ത പ്രഭാതത്തിൽ, ഞാൻ ക്ലിനിക്കിൽ പോകുവാൻ ഒരുങ്ങി കൊണ്ടിരിക്കുമ്പോൾ, ആരോ ഗേറ്റു തുറക്കുന്ന ശബ്ദം കേട്ട്, ജനാലയിലൂടെ  നോക്കിയപ്പോൾ, തലേന്ന് ദർശനത്തിൽ കണ്ട  വ്യക്തി, ചുറ്റുപാടും നോക്കിയിട്ടു തന്റെ പേഴ്‌സ് തുറന്നു ആദ്യം മൂന്ന് 500 രൂപ നോട്ടുകൾ എടുത്തു നോക്കിയിട്ടു തിരികെ അത് പേഴ്സിൽ വച്ച്, ഒരു 1000 രൂപ നോട്ടും 500 രൂപാ നോട്ടും തന്റെ കൈയ്യിൽ ചുരുട്ടി പിടിച്ചു കോളിങ് ബെൽ അടിച്ചു. ഞാൻ, കതകു തുറന്നു അദ്ദേഹത്തെ സ്വീകരിച്ചു. കുറേ നേരം ഹൃദ്യമായി സംസാരിച്ചിട്ട് അദ്ദേഹം പോകാൻ എഴുന്നേറ്റപ്പോൾ, കൈയ്യിലി രുന്ന നോട്ട് എന്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു, “ ഇന്നലെ എന്റെ ഒരാവശ്യത്തിനാണ് ഞാൻ മേസ്തിരിയെ വിട്ടു    കല്ല് വാങ്ങിയത്. ആരുടെയും പക്കൽ നിന്ന് ഒന്നും വെറുതെ വാങ്ങുന്ന ശീലം എനിക്കില്ല. അതുകൊണ്ടു ഇത് അതിന്റെ വിലയാണ്”. ഞാൻ എന്റെ ഉള്ളിൽ, പിശാച് കുടുക്കുവാൻ  വല വിരിക്കുമ്പോൾ, മുന്നറിയിപ്പ് തരുന്ന ദൈവത്തെ, മഹത്വപ്പെടുത്തി.  അത് ഞാൻ സന്തോഷ ത്തോടെ വാങ്ങി എന്റെ ആവശ്യത്തിന് ഉപയോഗിച്ചു. അദ്ദേഹത്തിന്റെ പ്രാർത്ഥന വിലപ്പോയില്ല എന്ന്, സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ഒരിക്കൽ, ഒരു പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കുമ്പോൾ, അദ്ദേഹം എന്റെ അടുക്കൽ വന്നു   ചെവിയിൽ പറഞ്ഞു "നീ രണ്ടു വർഷങ്ങൾക്കകം എന്റെ സഭയിൽ ചേരും" എന്ന്. അതും,  എട്ട് വർഷങ്ങൾ പിന്നിട്ട് ഇതുവരേയ്കും  നടന്നില്ല.

 

 അടുത്ത കാലത്തു കർത്താവു തന്ന വേറൊരു ദർശനം, അതിന്റെ അനന്തര  ഫലം മലയാളി ക്രൈസ്തവ സമൂഹം അറിയുന്നതാകയാൽ  പങ്കു വക്കുന്നു.  2018 ആഗസ്റ്റിൽ  ഒരു  ദിവസം, അമേരിക്കയിലെ ഒരു IPC സഭയിൽ അസിസ്റ്റന്റ് പാസ്റ്റർ ആയിരുന്ന വ്യക്തിയുമായി സംസാരിക്കുമ്പോൾ, ദൈവം എന്നെ ഒരു ദർശനം കാണിച്ചു. അദ്ദേഹത്തിന്റെ ഭവനത്തിൽ ഒരു തടി അലമാരിയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഓർത്തഡോൿസ് പുരോഹിതന്റെ കുപ്പായവും തൊപ്പിയും മറ്റും. ഞാൻ അപ്പോൾ തന്നെ അദ്ദേഹത്തോട് ഇക്കാര്യം അറിയിക്കുകയും അദ്ദേഹം അത് നിസ്സാരമായി  ചിരിച്ചു തള്ളിക്കളയുകയും  ചെയ്തു. അധികം താമസിയാതെ ഈ വ്യക്തി പെന്തെകൊസ്തു സഭയുടെ ശത്രു ആയതും യാക്കോബായ ഓർത്തോഡോക്സ് വിശ്വസത്തിലേക്കു പിന്മാറി പോയതും  മലയാള  ക്രൈസ്തവ ലോകം കണ്ടു കഴിഞ്ഞല്ലോ.

 

ഇതുപോലെ നിരവധി ദർശനങ്ങൾ കർത്താവു എന്നെ ദർശിപ്പിക്കയും, പ്രവചന ദൂതുകളായി അത് കൈമാറാൻ പരിശുദ്ധാത്മാവ് എന്നെ സഹായിക്കുകയും ചെയ്തു. ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുന്നു.  ഇക്കഴിഞ്ഞ 2020 ജനുവരിയിൽ, ഈ വർഷത്തേക്കുള്ള ദൂത്, കൂട്ടായ്‍മയെ അറിയിക്കുവാനായി പ്രാർത്ഥിച്ചപ്പോൾ ദൈവം എന്നോട് സംസാരിച്ചത് "സഭകളുടെയും രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും ഇന്നത്തെ പ്രവർ ത്തിയിൽ ഞാൻ അസ്വസ്ഥൻ ആകുന്നു. ഞാൻ മുഴു ലോകത്തെയും തമ്മിൽ തമ്മിൽ വിഘടിപ്പിക്കുവാൻ പോകുന്നു.  എല്ലാവരും മാനസാന്തരപ്പെടേണം" എന്നത്രേ. എനിക്ക് ലഭിച്ച സന്ദേശം പൂർണമായി എന്റെ യൂ ട്യൂബ് ചാനലിൽ ജനുവരി 15ആം തീയതി പോസ്റ്റ് ചെയ്തത് തെളിവായി നൽകുന്നു.       

Anson Maramon എന്ന യുട്യൂബ് ചാനൽ. (https://youtu.be/b6VfcNOmRx8).

2020 ഏപ്രിലിൽ തന്നെ അന്നേവരെ ലോകത്തിനു അപരിചി തമായിരുന്ന ആ വിഘടിപ്പിക്കൽ സംഭവിച്ചു, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.

 

ഇനി, 2010ൽ, എന്നെ ഏറ്റവും വലിയ വിഷമഘട്ടത്തിൽ ആക്കിയ ഒരു പ്രതിസന്ധിയും, ഒരു  അത്ഭുത രോഗശാന്തിയിലൂടെ കർത്താവു തന്ന വിടുതലും ചുരുക്കമായി എഴുതുന്നു. ഞാൻ മുൻപ് എഴുതിയത് പോലെ, 2010 ജനുവരിയിൽ രക്ഷിക്കപ്പെട്ടവനായി ജോലി ഉപേക്ഷിച്ചു പുല്ലാട് ഭവനത്തിൽ എത്തി. ആകെ ഉള്ള വരുമാനം, നേവിയിൽ നിന്നും ഉള്ള പെൻഷൻ. വിശ്വാസത്തിൽ ഉറച്ചു,  എതിർപ്പുകളെ അവഗണിച്ചു മുന്നേറുമ്പോൾ, 2010 മെയ് മാസം,  അന്ന് രണ്ടര വയസ്സുള്ള  എന്റെ മകൻ ആൽവിനു ശരീരം മുഴുവൻ തീ പൊള്ളൽ പോലെ പൊങ്ങിവരുവാൻ ആരംഭിച്ചു. സാധാരണ പറയുംപോലെ തന്നെ അന്ന് മിക്കപേരും അടക്കം പറഞ്ഞു, "പെന്തെക്കോസ്തിൽ പോയതിന്റെ പ്രശ്നമാ… മാതാവ് കോപിച്ചതാ...ദൈവം അടിച്ചതാ..". ധാരാളം ചികിത്സകൾ ചെയ്തു.  അതോടൊപ്പം, കലശലായ ശ്വസംമുട്ടൽ കൂടി ആരംഭിച്ചു. തുടർന്ന്, കോഴഞ്ചേരി ചിൽഡ്രൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. കൂടിയ ആന്റിബയോട്ടിക് മരുന്നുകൾ ഇരു കൈകളിലൂടെയും കുത്തി വച്ചു, രണ്ടു കൈകളും വൃണമായി. കുഞ്ഞിന് യാതൊരു കുറവും ഇല്ല. എന്റെ പണമെല്ലാം തീർന്നു. എന്തും ആയിക്കൊള്ളട്ടെ എന്ന് പറഞ്ഞു, ദൈവത്തിൽ ആശ്രയിച്ചു കുഞ്ഞിനെ നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്തു ഭവനത്തിൽ കൊണ്ട് വന്നു. ഞങ്ങൾ ചുറ്റുമിരുന്നു പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. ക്രമേണ, കുറെ ദിവസങ്ങൾ കൊണ്ട് പൊള്ളലുകൾ എല്ലാം കരിഞ്ഞു. പക്ഷെ, ഇടയ്കിടെ ശ്വാസതടസ്സം ഉണ്ടായി.

 

ഒരു ദിവസം അർദ്ധരാത്രിയിൽ, ആൽവിൻ ശക്തമായി ശ്വസം വലിക്കുന്നത്  കേട്ട് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു. ഇരുട്ടിൽ ആൽവിനെ നോക്കിയപ്പോൾ,  ഒരു ഇരുണ്ട രൂപം ആൽവിനെ അമർത്തി  കൊല്ലുവാൻ ശ്രമിക്കുന്നത് കണ്ടു.  പെട്ടെന്ന്, പാസ്റ്റർ ജോൺസനെ ഫോണിൽ വിളിച്ചുണർത്തി കാര്യം അറിയിച്ചു. അദ്ദേഹം പ്രാർത്ഥിക്കാം എന്നേറ്റു.  ആഷയും ഉണർന്നു. ഞാൻ  യേശുവിന്റെ രക്തത്തിൽ ആശ്രയിച്ചു ഉറക്കെ, പ്രാർത്ഥിക്കുവാനും യേശുവിന്റെ നാമത്തിൽ ശാസിക്കുവാനും തുടങ്ങി.  അപ്പോൾ, ആ രൂപം  ആൽവിനെ വിട്ടു എന്റെ നേരെ തിരിഞ്ഞു. മനുഷ്യർ മല്പിടിത്തം നടത്തുന്നതു പോലെ ആ  രൂപവുമായി കുറെ നേരം ഞാൻ പ്രാർത്ഥിച്ചും ശാസിച്ചും കൊണ്ട്  മല്പിടുത്തം നടത്തി. ക്രമേണ, ആ രൂപം തളർന്നു എന്നെ വിട്ടു ദൂരേയ്‌ക് പോയി. അപ്പോൾ തന്നെ ആൽവിൻ, ശാന്തമായി ഉറങ്ങുവാൻ ആരംഭിച്ചു. ആൽവിൻ പൂർണ സൗഖ്യം പ്രാപിച്ചു. ദൈവത്തിനു മഹത്വം. ഈ സംഭവം കഴിഞ്ഞു ആഷയുടെ എതിർപ്പുകൾ കുറഞ്ഞുവന്നു. പലപ്പോഴും വേദപുസ്തക സംശയങ്ങൾ ചോദിക്കുവാനും ശ്രദ്ധ യോടെ മറുപടികൾ ശ്രവിക്കുവാനും തുടങ്ങി. എങ്കിലും, രക്ഷിക്ക പ്പടുക, സ്നാനപ്പെടുക, വേർപെട്ടു ജീവിക്കുക എന്നീ ഉപദേശങ്ങ ളോട് വളരെ എതിർത്ത്  തന്നെ പ്രതികരിച്ചു കൊണ്ടി രുന്നു.

gallery/punnoose

11.  21 ദിവസത്തെ പൂർണ ഉപവാസവും സമർപ്പണവും.

 

  2011 ജൂൺ മാസത്തിൽ, എന്റെയും കുടുംബത്തിന്റെയും പേരുകൾ  ഇടവക രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുവാനായി ഇടവക പള്ളിയിലെ വികാരിയ്കും സെക്രട്ടറിക്കും കത്തു നല്കി. അങ്ങിനെ, ഞങ്ങൾ കുടുംബമായി കത്തോലിക്കാ സഭയിൽ നിന്നും പൂർണമായി വേർപെട്ടു.

 

 2013 മെയ്മാസം 12 മുതൽ പൂർണ ഉപവാസവും പ്രാർത്ഥനയുമായി കഴിയുവാൻ എനിക്ക് ദൈവല്മാവാൽ നിയോഗം ലഭിച്ചു. പച്ചവെള്ളം മാത്രം കുടിച്ച്  21 ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചു. ജൂൺ രണ്ടാം തിയതി പ്രഭാതത്തിൽ  കർത്താവിന്റെ ദാസനായി (Lord’s Servant) സമർപ്പിക്കപ്പെട്ടു.

 

 2013 ജൂലൈ 13നു വൈകിട്ട് അഞ്ചര മണിയോടെ, ഞാൻ 2009ൽ കേട്ട അതെ ശബ്ദം എന്നോട് വീണ്ടും സംസാരിക്കുവാൻ തുടങ്ങി. യഥാർത്ഥ ദൈവവേല എന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന ഒരു പഠനവും പ്രവചന  ദൂതുകളുമായിരുന്നു അപ്പോൾ നൽകപ്പെട്ടത്. അതേപോലെ, രക്ഷിക്കപ്പെട്ട ശേഷം ദൈവത്തോട് ആലോചന ചോദിക്കാതെ ഞാൻ എടുത്ത ചില തീരുമാനങ്ങൾ മാറ്റം വരുത്തുവാനും ആവശ്യപ്പെട്ടു. അപ്പോൾ തന്നെ, ഞാൻ  ജോൺസൺ പാസ്റ്ററെ സമീപിപ്പിച്ച് ഇക്കാര്യം അറിയിച്ചു.  കർത്താവ് പറഞ്ഞത് തന്നെ ചെയ്യുവാൻ എന്നെ ധൈര്യപ്പെടുത്തി, അദ്ദേഹം പ്രാർത്ഥിച്ച് അയച്ചു.

12. കുമ്പനാട് IPC ഏലീമിൽ

 

ഇത്തരുണത്തിൽ, പുല്ലാട്ടും സമീപത്തുമുള്ള ചില ദൈവസഭകളിൽ നിന്നും ബന്ധപ്പെട്ടവർ തുടർച്ചയായി ഞങ്ങളെ സന്ദർശിച്ച് അവരുടെ കൂട്ടായ്മയിലേക്ക് ചേരുവാൻ വല്ലാതെ നിർബന്ധിച്ചു കൊണ്ടിരുന്നു. പക്ഷെ, എന്നോട്  സംസാരിച്ച ശബ്ദം അറിയിച്ചതനുസരിച്ച്, ഞങ്ങൾ ഓരോ ആഴ്ചയും ദൈവവേലയ്ക്കായി തിരഞ്ഞെടുക്കുന്ന പ്രദേശത്ത്, കർത്താവ് കാണിച്ച്  തരുന്ന കൂട്ടായ്മയിൽ ഞായറാഴ്ച്ച  ആരാധനയ്കു കൂടിവന്നു. ഞങ്ങൾ ഒരു ട്രാക്ട്  എഴുതി അച്ചടിച്ച് പത്തനംതിട്ട ജില്ല മുഴുവൻ, ജനങ്ങൾ കൂടിനിൽകുന്ന ബസ്സ്ടോപ്പുകളിലും കവലകളിലും വിതരണം ചെയ്തു. ഞങ്ങൾക്ക് പരിചയമുള്ള ഭവനങ്ങൾ സന്ദർശിച്ച് സുവിശേഷമറിയിച്ച് പ്രാർത്ഥിച്ച് ഇറങ്ങി. ട്രാക്ട് വായിച്ച്  അനേകർ വിളിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കയും വചനത്തിൽ ഉറപ്പിക്കയും ചെയ്തു.

 

 2013 ആഗസ്റ്റ് 10നു ശനിയാഴ്ച്ച ഞങ്ങൾ കുടുംബമായി ഉപവസിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ആഷയും ഞാനും "ഏലീം" എന്നൊരു ശബ്ദം ഉച്ചത്തിൽ കേട്ടു. അതെ ആഴ്ച ഞങ്ങൾ ട്രാക്ട് വിതരണത്തിനായി തിരഞ്ഞെടുത്തത്  കുമ്പനാട് പ്രദേശം ആയിരുന്നു. ട്രാക്ട്  കൊടുത്തു നടന്നു പോകുമ്പോൾ IPC ഏലീം എന്ന ബോർഡ് കണ്ട്, അവിടേയ്കു കടന്നു ചെന്നു. അവിടെ ശക്തമായ സ്തുതിപ്പും പ്രാർത്ഥനയും നടക്കുന്നു എന്ന് കണ്ട്, ഞാൻ ഹോളിനുള്ളിൽ കടന്ന് പ്രാർത്ഥനയിൽ പങ്കെടുത്തു. സഭാ ശുശ്രൂഷകൻ ബഹുമാന്യ പാസ്റ്റർ റെജിമോൻ ജേക്കബ് എനിക്ക് സാക്ഷ്യത്തിനുള്ള അവസരം നൽകിയപ്പോൾ, ‘ഏലീം’ എന്ന സ്വരം കേട്ടതും ഇനി  ഈ സഭയിൽ ആരാധനയ്ക്കായി കൂടി  വരുവാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത്, കഴിഞ്ഞ ആറു മാസങ്ങളായി സഭയായി പുല്ലാട് പ്രദേശത്തിനായി തങ്ങൾ പ്രത്യേകാൽ പ്രാർത്ഥിച്ചു വരികയാണ് എന്നത്രെ. ദൈവത്തിനു സ്തോത്രം.  അങ്ങിനെ ഞങ്ങൾ കുമ്പനാട് IPC ഏലീം  സഭയിൽ അംഗങ്ങളായി.

 

 ഞങ്ങൾ ട്രാക്ട് വിതരണം തുടർന്ന്കൊണ്ടേ ഇരുന്നു. പത്തനംതിട്ട ജില്ല മുഴുവനായി വിതരണം പൂർത്തിയാക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ആഷയ്കു കുറിയന്നൂർ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇതിനിടെ ജോലി ലഭിച്ചു. സ്കൂളിന്റെ ഉടമസ്ഥരും കുടുംബമായി രക്ഷിക്കപ്പട്ടവർ ആയിരുന്നതിനാൽ, സ്കൂളിൽ സുവിശേഷം അറിയിക്കുന്നതിൽ വിലക്കില്ലാതെ ഇരുന്നത് വളരെ സഹായകം ആയി.

gallery/nandhi

13. കർത്താവിന്റെ വേലയ്‌ക്കായി,  അബുധാബിയിലേക്ക്.

 

2013  ആഗസ്ററ്  ഒന്നാം തീയതി,  കുറിയന്നൂർ പ്രദേശത്തു കൂടി യാത്ര ചെയ്യുമ്പോൾ, ഒരു ഭവനത്തിൽ    ഏഴുദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കുന്നതായി, വഴിയരികിൽ കെട്ടിയിരുന്ന ഒരു ഫ്ളക്സ് ബാനറിൽ നിന്നും മനസ്സിലായി.  അന്ന് ഉപവാസ പ്രാർത്ഥനയുടെ ആറാം ദിവസം ആയിരുന്നു. ആ പ്രാർത്ഥനയിൽ പങ്കെടുക്കേണം എന്ന ശക്തമായ ഒരു ആലോചന എന്റെ ഉള്ളിൽ ഉണ്ടായി.

 

അന്ന് വൈകുന്നേരം സ്ഥലം അന്വേഷിച്ചു കണ്ടു പിടിച്ചു ഞാനും പ്രാർത്ഥനയിൽ പങ്കെടുത്തു. പാസ്റ്റർ KS ബാബുവിന്റെ ഭവനത്തിൽ നടക്കുന്ന, ക്യാപ്ടൻ ശാമുവേലിന്റെ കൂട്ടായ്മയിൽ ഉള്ള  ഉപവാസ പ്രാർത്ഥനയായിരുന്നു അത്. എനിക്ക് അവിടെ ആരെയും പരിചയക്കാർ ആയി കാണുവാൻ കഴിഞ്ഞില്ല. പാസ്റ്റർ ആവശ്യപെട്ടത്  അനുസരിച്ച് അന്ന്  വചനം ശുശ്രുഷിച്ചു. ഏഴാം ദിവസം അവിടെ കടന്നുചെന്ന്   പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോൾ, വചനം  ശുശ്രുഷിച്ചുകൊണ്ടിരുന്ന, എനിക്ക് തികച്ചും അപരിചിതനായിരുന്ന   ദൈവദാസൻ (പാസ്റ്റർ ഉണ്ണിക്കൃഷ്ണൻ ശാമുവേൽ) ഇപ്രകാരം   ഉറക്കെ  പറയുവാൻ തുടങ്ങി  "ഇപ്പോൾ ഇവിടെയുള്ള ഒരു വ്യക്തിയോട് ദൈവാത്മാവ് അറിയിക്കുന്നു. നീ ഗൾഫിൽ ആയിരുന്നു. ലക്ഷങ്ങൾ ശമ്പളം വാങ്ങിയിരുന്ന നീ, നിന്റെ ജോലി രാജിവച്ചു നാട്ടിൽ വന്നിരിക്കുന്നു. നീ അവസാനമായി കൈപ്പറ്റിയ ശമ്പളം (ഇത്ര) ആകുന്നു. നിന്നെ കാണുന്നവർ പറയുന്നത് ജോലിയും കളഞ്ഞു  തേരാപ്പാര നടക്കുകയാണ് എന്നത്രെ. പക്ഷെ,  മകനെ, ദൈവം നിന്നെ തന്റെ വേല പരിശീലിപ്പിക്കു ന്നതിനായി തിരികെ കൊണ്ടുവന്നതാണ്.  ഇവിടെ നിന്റെ പരിശീലനം പൂർത്തിയാക്കി, നീ എവിടെ നിന്ന് വന്നോ, അവിടേക്കു തന്നെ അയയ്കപ്പെടാൻ ഒരുങ്ങിക്കൊൾക. നിന്റെ വേലയ്‌ക്കായല്ല, ദൈവത്തിന്റെ വേലയ്‌ക്കായി   തന്നെ."  ഞാൻ ആ ദൂത്  ഏറ്റെടുത്തു.

 

പ്രാർത്ഥന കഴിഞ്ഞു ഞാൻ പാസ്ടറോട്, “എന്നെക്കുറിച്ച് ആണ് അങ്ങു ദൂത് പറഞ്ഞത്“ എന്ന് അറിയി ച്ചപ്പോൾ, എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞത്,  “ദൈവാത്മാവ്  നല്കിയ ദൂത്  ഞാൻ വിളിച്ചു പറഞ്ഞു. താങ്കളെ കുറിച്ചാണോ എന്നറിയില്ല.  ഏറ്റെടുതെങ്കിൽ നന്ന്”  എന്നത്രേ.

 

2013  നവംബറിൽ  എന്റെ ഒരു സുഹൃത്തു അജിത്  അബുധാ ബിയിൽ നിന്നും എന്നെ വിളിച്ച്, എന്റെ മറ്റൊരു  സുഹൃത്തിനായി അവർ തരപ്പെടുത്തിയ ജോലിക്കായി അദ്ദേഹത്തെ നിർബന്ധി ക്കുവാൻ  എന്നെ പറഞ്ഞേല്പിച്ചു. പക്ഷെ, എന്റെ ഈ സുഹൃത്ത്, സമയമായപ്പോൾ  അതിൽ നിന്നും പിന്മാറി, അബുധാബിയിലുള്ളവർ   വളരെ പ്രയാസത്തിലായി. എന്നോട്, കടന്നു ചെല്ലാമോ എന്ന് അഭിപ്രായം ചോദിച്ചു. എന്നോടുള്ള ദൂത്  ഓർത്തു, ഞാൻ  സമ്മതം അറിയിച്ചു.  

 

അങ്ങനെ, 2014  ജനുവരി 4ന് ജോലിക്ക് അപേക്ഷിക്കാതെ, ഒരു രൂപ പോലും ചിലവില്ലാതെ,    അബുധാബിയിൽ എത്തി എത്തിഹാദ് എയർവെയ്സിൽ  എഞ്ചിനീയർ ആയി ജോലിയിൽ പ്രവേശിച്ചു. പതിന്നാലു വർഷങ്ങൾ മുൻപ് എനിക്ക് എന്ത് നിരസിക്കപ്പെട്ടുവോ, ദൈവശബ്ദം കേട്ട് അനുസരിച്ചപ്പോൾ, എന്നെ അതേ സ്ഥാനത്ത്  എത്തിച്ച ദൈവത്തെ സ്തുതിച്ചു  മഹത്വ പ്പെടുത്തുന്നു

 

എനിക്ക്   താമസത്തിനായി     ക്രമീകരിക്കപ്പെട്ട    ഹോട്ടലിൽ നിന്നും,  ഞാൻ 2009 ൽ  രക്ഷിക്കപെട്ടപ്പോൾ  താമസിച്ചിരുന്ന മുസ്സഫ ഷാബിയ 11 ലെ ഫ്ലാറ്റിലെത്തി. മുൻപുണ്ടായിരുന്ന അതെ ഫ്ലാറ്റ് ഉടമയും അതെ സുഹൃത്തുക്കളെയും കണ്ട്, ദൈവം എന്നെ തിരികെ എത്തിച്ച വാർത്ത അവരുമായി പങ്കുവച്ചു. ഞാൻ രക്ഷിക്കപ്പെട്ടപ്പോൾ താമസിച്ചിരുന്ന മുറിയിൽ,  പാലക്കാട്ടുകാരനായ ഒരു സഹോദരനായിരുന്നു. ഞാൻ സന്തോഷത്തോടെ അന്ന്  ഹോട്ടലിൽ തിരികെ എത്തിയിട്ടു പ്രാർത്ഥിച്ചു  "കർത്താവേ, എന്നെ നിന്റെ വേലയ്‌ക്കായിട്ടാണല്ലോ  കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ട്, എനിക്ക്  അനുയോജ്യമായ  ഒരു താമസം ഒരുക്കേണമേ".  അടുത്ത ദിവസം,  എന്റെ സുഹൃത്ത്,  വിളിച്ചു പറഞ്ഞു, ഞാൻ പണ്ട്  താമസിച്ചിരുന്ന മുറിയിൽ,   താമസിക്കുന്നയാൾ ദുബൈയിലേക്ക് സ്ഥലം മാറി പോകുന്നു. വേഗം  എത്തിയാൽ അവിടെ താമസിക്കാം, എന്ന്.  അന്ന്  തന്നെ  ഞാൻ അവിടേക്കു താമസം മാറ്റി.  2009ൽ കൊടുത്തിരുന്ന അതെ മാസവാടകയാണ്  എന്നോട്  ഫ്ലാറ്റ് ഉടമസ്ഥൻ ചോദിച്ചത്.

 

 നാല് വർഷങ്ങൾ മുൻപ് ഏതു മുറിയിൽ ദൈവശബ്ദം കേട്ട് കവിണ്ണു വീണ് പാപക്ഷമയ്‌ക്കായി യാചിച്ചോ, അതെ മുറിയിൽ കർത്താവിന്റെ എളിയ ദാസനായി എന്നെ എത്തിച്ച ദൈവം  ഈ നിമിഷവും ജീവിക്കുന്നവനും പ്രവർത്തിക്കുന്നവനുമാണ് എന്നു ള്ള വലിയ സത്യം സാക്ഷ്യപെടുത്തിക്കൊള്ളട്ടെ.

14. സെമിനാരി പഠനം, ഓർഡിനേഷൻ,

                     മിനിസ്ട്രി.

 

2014 ജൂലൈയിൽ, ഷാർജയിലുള്ള ഗിൽഗാൽ  ബൈബിൾ സെമിനാരിയിൽ ചേർന്ന് ദൈവശാസ്ത്ര പഠനം ആരംഭിച്ചു. 2017 നവംബർ 30നു, പഠനം പൂർത്തീകരിച്ചു  ബിരുദം കരസ്ഥമാക്കി. ബാച്ചിലെ മികച്ച പഠിതാവിനുള്ള പുരസ്കാരവും നേടുവാൻ ദൈവം സാധ്യമാക്കി.

2014 ഒക്ടോബർ 22ന്, അവധിസമയത് നാട്ടിൽ ആയിരുന്നപ്പോൾ, ഒരുമിച്ചിരുന്ന്  പ്രാർത്ഥിച്ച അവസരത്തിൽ  കർത്താവിൽ പ്രസിദ്ധ നായ അഭിഷിക്ത  പ്രവാചകൻ പാസ്റ്റർ മനു വടശ്ശേരിക്കര (കരിസ്മ ചർച്ച്, കോട്ടയം)  എന്റെമേൽ    കരംവച്ച് പ്രാർത്ഥിച്ചു    പ്രവാചക ശുശ്രൂഷയ്‌ക്കായി   വേർതിരിച്ചു.

 

2013ൽ തുടങ്ങി ഇപ്പോഴും പഠനം തുടർന്ന് കൊണ്ടിരിക്കുന്ന, അമേരിക്കയിലെ മിഷിഗനിൽ ഉള്ള ക്രിസ്ത്യൻ ലീഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിൽ നിന്നും 2015   സെപ്റ്റംബർ  21ന്  ഡീക്കൻ മിനിസ്റ്റർ ആയും തുടർന്ന് ക്രിസ്ത്യൻ സെറിമോ ണിയൽ ഒഫിഷ്യന്റ്  മിനിസ്റ്റർ  (വിവാഹം, സ്നാനം, ശവസംസ്‌കാരം എന്നിവ നടത്തുവാനുള്ള അധികാര പത്രം) ആയും ഓർഡയിൻ ചെയ്യപ്പെട്ടു.  മുസ്സഫയിൽ ഞങ്ങൾ കൂട്ടായ്മ കൂടിവന്ന സഭയിലെ സീനിയർ പാസ്ടർ ആയിരിക്കുന്ന Pr. ജോയ് തോമസ് എന്റെമേൽ    കരംവച്ച് പ്രാർത്ഥിച്ചു ശുശ്രൂഷയ്ക്ക് ആയി വേർതിരിച്ചു.    ഇപ്പോൾ, ക്രിസ്ത്യൻ ലീഡേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചാപ്ലയിൻ മിനിസ്റ്റർ ഓർഡിനേഷനു വേണ്ടി  പഠനം തുടരുന്നു.

 

2018 ഫെബ്രുവരി 06, ബുധനാഴ്ച രാവിലെ 10 മണിയോടെ, “ഹൃദയത്തിൽ മുറിവേറ്റവരെ” ശുശ്രൂഷിക്കുന്നതിനായി  “ബേഥാ ന്യ  ഗോസ്പൽ മിനിസ്ട്രി” എന്ന പേരിൽ ഒരു ശുശ്രൂഷ ആരംഭി ക്കുവാൻ  യേശുവിന്റെ ശബ്ദം കേട്ടു.  മർക്കോസ്  11ആം  അദ്ധ്യായം  തുറന്നു വായിക്കുവാനും നിർദ്ദേശം ഉണ്ടായി.  അന്ന് വൈകുന്നേരം, ഇക്കാര്യം സഭയിലെ  പാസ്റ്ററുമായി  ചർച്ച ചെയ്തു. 2018 ഫെബ്രുവരി 08 വ്യാഴാഴ്ച വൈകുന്നേരം സഭായോഗത്തിനിടെ ഒരു സന്ദർശക ദൈവദാസൻ (പാസ്റ്റർ  സാം ഏഴംകുളം,   നസ്രെത്ത് ഗോസ്പൽ മിനിസ്ട്രി)  ദൈവവചനം ശുശ്രൂഷിച്ചു. അദ്ദേഹം  വചന ശുശ്രൂഷ ആരംഭിച്ചത്  മർക്കോസ്  11 ആം അദ്ധ്യായം തുറക്കാൻ സഭയോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു.  തുടർന്ന് അദ്ദേഹം "ബേഥാന്യ" യെക്കുറിച്ചു പ്രസംഗിക്കുവാൻ ആരംഭിച്ചു.  മിനിസ്ട്രി  ആരംഭിക്കുന്നതിനുള്ള വ്യക്തമായ സന്ദേശമായിരുന്നു അത്.

എന്റെ സെമിനാരി സഹപാഠികളിൽ ഒരാളായ പാസ്റ്റർ ജേക്കബ് ഫിലിപ്പുമായി കാര്യം ചർച്ച ചെയ്തപ്പോൾ അദ്ദേഹം കുടുംബമായി ആദ്യ മീറ്റിംഗിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചു. അങ്ങിനെ,  രണ്ട് കുടുംബങ്ങളിലെ  എട്ട്  അംഗങ്ങളുമായി  2018 ഫെബ്രുവരി 09, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ‘ബേഥാന്യ ഗോസ്പൽ മിനിസ്ട്രി’  പ്രാർത്ഥിച്ചു  സമർപ്പിക്കപ്പെട്ടു.

 

മിനിസ്ട്രിയുടെ തുടക്കത്തിൽ തന്നെ, "യഹോവേ നിന്റെ തിരുനിവാസം  എത്ര  മനോഹരം" എന്ന  വാക്യം അടിസ്ഥാനമാക്കി എട്ടു ദിവസങ്ങൾ അബുധാബിയുടെ വിവിധ സ്ഥലങ്ങളിൽ ക്ലാസ്സെടുത്തു ഞങ്ങളെ ബലപ്പെടുത്തി വചനത്തിൽ ഉറപ്പിച്ച  പ്രിയ കർത്തൃദാസൻ  ബാംഗ്ലൂർ സജി വർഗ്ഗീസ് പാസ്റ്ററെ ഓർക്കുകയും ഹൃദയംഗമായ നന്ദി അറിയിക്കുകയും ചെയ്യുന്നു. അതു പോലെ, Pr.പ്രദീപ് ആസാ തിരുവനന്തപുരം,  Pr. ജോൺസൻ അടിമാലി, Pr.കുരുവിള വർഗ്ഗീസ് ആന്ധ്രാ പ്രദേശ്, Pr. പ്രിൻസ് തോമസ്  ഹരിയാന, Pr.ബിജു  മാരാമൺ എന്നിവരോടും ഉള്ള നന്ദി അറിയിക്കുന്നു.

 

മിനിസ്ററിയുടെ തുടക്കം മുതൽ ഞങ്ങളോട് ചേർന്ന് പ്രവർത്തി ക്കുകയും ഇപ്പോൾ ന്യൂസിലാൻഡിൽ സ്ഥിര താമസം ആക്കിയി രിക്കയും ചെയ്യുന്ന പ്രിയ ജേക്കബ് ഫിലിപ്പ് പാസ്റ്ററോടും കുടുംബത്തോടുമുള്ള അകം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

 

ഇപ്പോൾ, മിനിസ്ട്രയുടെ സജീവ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളോടും കുടുംബങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

 

മിഷിഗണിലെ ക്രിസ്ത്യൻ ലീഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയ റക്ടർ ആയ പാസ്റ്റർ ഹെൻറി റെയങ്ക, ഷാർജ ഗിൽഗാൽ ബൈ ബിൾ സെമിനാരി സ്ഥാപക ഡയറക്ടർ പാസ്റ്റർ ഡോ. KO മാത്യു (പാപ്പച്ചൻ പാസ്ടർ), സെമിനാരിയിൽ എന്നെ ദൈവശാസ്ത്രം അഭ്യസിപ്പിച്ച എല്ലാ അധ്യാപകരും എന്നിവരോടെല്ലാം ഉള്ള അകം നിറഞ്ഞ നന്ദി ഇത്തരുണത്തിൽ രേഖപ്പെടുത്തുന്നു.

 

2021 ജനുവരി ഒന്നാം തീയതി, ദൈവാത്മാവ് ആലോചന നൽകിയ പ്രകാരം രണ്ടാം തീയതി മുതൽ, ശനിയാഴ്ച ബൈബിൾ ക്ലാസ് എന്ന ഒരു ഓൺലൈൻ പ്രോഗ്രാം ആരംഭിച്ചു. ആരംഭത്തിൽ, വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷം പഠിപ്പിച്ചു കൊണ്ട് ബൈബിൾ ക്ലാസ് തുടരുന്നു. ബൈബിൾ ക്ലാസിൽ മാർമികമായ  ചില  ദൈവശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്ന പാസ്റ്റർ PV ചാക്കോ, കുമ്പനാട് അവർകളോടുള്ള നന്ദി ഇത്തരുണത്തിൽ രേഖപ്പെടുത്തുന്നു.

 

കഴിഞ്ഞ മൂന്നര വർഷങ്ങളിൽ, ദൈവം ഞങ്ങളെ ഭരമേൽപ്പിച്ച, ഹൃദയത്തിനു മുറിവ് ഏറ്റ അനേകരെ ശുശ്രൂഷിക്കുവാനും അവരെ യേശു ക്രിസ്തുവുമായുള്ള കൂട്ടായ്മയിലേക്ക് മടക്കി വരുത്തുവാനും ദൈവം ഞങ്ങളെ സഹായിച്ചു.

15. പരിശുദ്ധാത്മാവ്  വെളിപ്പെടുത്തിയ പാപങ്ങളിൽ ചിലത്.

 

  2009ൽ അബുധാബിയിൽ വച്ച് പരിശുദ്ധാൽമാവാം ദൈവം, ഞാൻ കൗമാരം മുതൽ ചെയ്തു കൂട്ടി, ക്ഷമിക്കപ്പെടാതെ മറഞ്ഞു കിടന്ന പാപങ്ങൾ എനിക്ക് വെളിപ്പെടുത്തിയ ദിവസങ്ങളിൽ എന്നെ വളരെ അത്ഭുതപ്പെടുത്തിയ ചില  വെളിപ്പെടുത്തലുകൾ ഇതേ പാപങ്ങളിൽ മുഴുകി ജീവിക്കുന്നവരുടെ അറിവിലേക്കായി വിവരിക്കുവാൻ ആഗ്രഹിക്കുന്നു.

 

  ഒന്നാമതായി വെളിപ്പെടുത്തപ്പെട്ടത് പ്രതിമാവണക്കം എന്ന ഓമനപ്പേരോടുകൂടി കത്തോലിക്കാസഭയിൽ ഞാൻ അനുഷ്ടിച്ച വിഗ്രഹാരാധനയെക്കുറിച്ചായിരുന്നു. പ്രതിമാ വണക്കത്തെ വിഗ്രഹാരാധന എന്ന് പറഞ്ഞു വരുന്ന ആരെയും  എതിരിടുവാനും പ്രതിമാ വണക്കത്തെ ന്യായീകരിക്കുവാനും ഉതകുന്ന വേദപുസ്തക ഭാഗങ്ങൾ എല്ലാം മനഃപാഠമാക്കി വച്ചായിരുന്നു എന്റെ ജീവിതം. ഞാൻ ജോലിയിൽ  ഇരുന്നപ്പോൾ താമസിച്ചിരുന്ന എല്ലാ മുറികളിലും പ്രതിമകളും  ജപമാലകളും രൂപങ്ങളും വയ്കുവാനും അവയ്കു മുൻപിൽ തിരി കത്തിച്ചു പ്രാർത്ഥിക്കുവാനും സാധാരണ കത്തോലിക്കാ വിശ്വാസി ചെയ്യും പോലെ ഒരു സ്ഥലം പ്രത്യേകം കരുതിയിരുന്നു. എന്നാൽ, 2009 ഡിസംബർ 12നു ക്രിസ്തുയേശുവിനെ എന്റെ രക്ഷിതാവായി സ്വീകരിച്ച ശേഷം ആദ്യം ചെയ്തത്, ഞാൻ വാരാന്ത്യം ആഘോഷിക്കുവാനായി വാങ്ങി വച്ചിരുന്ന വിസ്കിയും സിഗരറ്റും, അതോടൊപ്പം  മുറിയിൽ പ്രാർത്ഥനയ്ക്കായി സൂക്ഷിച്ചിരുന്ന എല്ലാ രൂപങ്ങളും പ്രതിമകളും ജപമാലകളും കുപ്പത്തൊട്ടിയിൽ എറിഞ്ഞു കളഞ്ഞു. വിശുദ്ധ വേദപുസ്തകം ഒഴികെ എന്റെ പക്കൽ ഉണ്ടായിരുന്ന എല്ലാ മത പുസ്തകങ്ങളും എറിഞ്ഞു കളഞ്ഞു. ഇതേക്കുറിച്ച് കൂടുതലായി അടുത്ത അദ്ധ്യായത്തിൽ വിവരിക്കാം.

 

 അന്ന് വെളിപ്പെട്ട മറ്റൊരു പാപം. 1991 മാർച്ചിൽ ഒരു ട്രെയിനിംഗിനായി ഗോവയിൽ നിന്നും കൊച്ചിയിൽ എത്തി. 29ആം തീയതി ദുഃഖവെള്ളി അവധി ആയതിനാൽ വ്യാഴാഴ്ച വൈകിട്ട് കൂട്ടുകാര് കൂടി മദ്യപിക്കുവാൻ തുടങ്ങി. വെളുപ്പിന് വരെ മദ്യപിച്ചും പാർട്ടി ആഘോഷിച്ചും രസിച്ചിട്ട്, പ്രഭാതത്തിൽ ഓർത്തു, ജീവിതത്തിൽ ഇന്നേവരെ ദുഃഖവെള്ളി മുടക്കം വരുത്തിയിട്ടില്ല, എന്ന്. അതു കൊണ്ടു, എറണാകുളത്തു MG റോഡിലുള്ള St.തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ  ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷയിൽ പങ്കെടുക്കാൻ പോയി. പള്ളിയിൽചെന്ന് ഉച്ചത്തിൽ,  ഈണത്തിൽ ചൊല്ലുകളൊക്കെ ചൊല്ലിയപ്പോൾ വികാരി അച്ചന് നന്നേ ബോധിച്ചു. ധൂപകലശവും പ്രധാന ശുശ്രൂഷാസ്ഥാനവും എനിക്ക് ലഭിച്ചു. ഞാൻ അത് വളരെ അഹന്തയോടെ ചെയ്ത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്, മദ്യലഹരി വിട്ടപ്പോൾ മറന്നു പോയി എന്ന് വരികിലും 18 വർഷങ്ങൾ കഴിഞ്ഞപ്പോൾ പരിശുദ്ധാത്മാവ് എന്നെ ആ സംഭവം അതുപോലെ ദർശിപ്പിച്ചു. അതൊരിക്കലും പാപമായി എനിക്ക് തോന്നിയിരുന്നുമില്ല.

 

 അതേപോലെതന്നെ, 1993ലെ പെസഹാവ്യാഴാഴ്ച രാത്രിയിൽ, നാട്ടിൽ അവധിക്കു വന്നിരുന്നത് കൊണ്ട്, മിലിറ്ററി ക്വൊട്ടാ മദ്യം കൈവശം ഉണ്ടായിരുന്നു. രാത്രി പെസഹാ കുർബാന കഴിഞ്ഞു ശുശ്രൂഷകർ ചിലരും ചേർന്ന് ഞങ്ങളുടെ  വീട്ടിൽ, മദ്യപിച്ചു. അതിന്റെ ലഹരിയിൽ അടുത്ത ദിവസത്തെ ദുഃഖ വെള്ളിയുടെ ശുശ്രൂഷകളിൽ പങ്കെടുത്തു. അന്നത്തെ സെദറാ വായനയും പാട്ടുകളും വളരെ ഭക്തിയും ഈണവും ഉള്ളതായിരുന്നുവെന്ന് പ്രായമുള്ള അമ്മാമ്മമാർ  പിന്നീട് പറഞ്ഞ് എന്നെ അഭിനന്ദിച്ചു. പക്ഷെ, ദൈവം അത് വളരെ ഗുരുതരമായ പാപമായി എന്റെ പേരിൽ എഴുതിവച്ചു, എനിക്ക് 2009ൽ വെളിപ്പെടുത്തി.

 

 2001 മുതൽ 2007വരെ കുമ്പനാട്ട് ക്ലിനിക്ക് നടത്തുമ്പോൾ, അനേക മാനസീക രോഗികളെ ഹിപ്നോ തെറാപ്പിയിലൂടെയും മറ്റു സമാന്തര ഊർജ്ജ ചികിത്സകളിലൂടെയും സൗഖ്യപ്പെടുത്തിയത് എന്റെ ക്ലിനിക്കൽ ജീവിതത്തിലെ വലിയ നേട്ടമായി വിശ്വസിക്കയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്ന എന്നെ ഏറ്റം അത്ഭു തപ്പെടുത്തിയത് ആയിരുന്നു മറ്റൊരു വെളിപ്പെടുത്തൽ. ഹിപ്നോതെറാപ്പി പോലെയുള്ള ചികിത്സാവിധികൾ തെറ്റാണെന്നും മനഃശക്തിയിലൂടെ മറ്റുള്ളവരുടെ മനസ്സിനെ അടിമപ്പെടുത്തി ചെയ്യുന്ന കർമങ്ങൾ പാപപ്രവർത്തി ആണെന്നും പരിശുദ്ധാൽമാവ് വെളിപ്പെടുത്തി. ലക്ഷ്യം മാത്രമല്ല അതിനായി തിരഞ്ഞെടുത്ത മാർഗവും ദൈവം വളരെ ശ്രദ്ധയോടെ പരിശോധിക്കുന്നുവെന്നും മനുഷ്യൻ പ്രയോജനമുള്ളതായി കരുതുന്ന പലതും പാപമാർഗ്ഗങ്ങളാണെന്നും മനസ്സിലായപ്പോൾ എന്റെ ഹൃദയം തകർന്നു.

 

  ഞാൻ അന്നേവരെ കുമ്പസാരത്തിൽ വൈദികനോട് ഏറ്റു പറഞ്ഞു ക്ഷമിക്കപ്പെട്ടു എന്ന് കരുതി മറന്നു കളഞ്ഞ എല്ലാ പാപപ്രവർത്തികളും പകൽ വെളിച്ചത്തിൽ എന്ന പോലെ മൂന്നു ദിവസങ്ങൾ വ്യക്തമായി കണ്ടു. കുമ്പസാരം എന്ന കൂദാശയിലൂടെ ൽക്കാലികമായ ഒരു മാനസീക ആശ്വാസം മാത്രമാണ് ലഭിക്കുന്നത് എന്നും ആ കർമ്മത്തിലൂടെ ദൈവം പാപം ക്ഷമിക്കുന്നില്ല എന്ന ബോധ്യവും വ്യക്തമാക്കപ്പെട്ടു.

 

 മൂന്നാം ദിവസം വൈകുന്നേരം, എന്റെ അന്നേവരെ ഉണ്ടായിരുന്ന എല്ലാ വിശ്വാസവും ഉറപ്പും അഹന്തയും മെഴുകുപോലെ ഉരുകി ഇല്ലാതെ ആയി. യേശുക്രിസ്തു അല്ലാതെ രക്ഷകനായി പ്രപഞ്ചത്തിൽ വേറെ ആരും ഇല്ല എന്ന വലിയ ബോധ്യം ഉണ്ടായി. ഞാൻ സാഷ്ടംഗം തറയിൽ കമിഴ്ന്നു കിടന്നു ദൈവത്തോട് ക്ഷമ യാചിച്ചു.  യേശുക്രിസ്തുവിനെ എന്റെ സ്വന്ത രക്ഷിതാവായും കർത്താവായും ഏറ്റു പറഞ്ഞു. ഇനി ജീവിക്കുന്നെങ്കിൽ ക്രിസ്തുവിന്റെ സാക്ഷി ആയി ജീവിക്കും എന്ന ഉറച്ച തീരുമാനം എടുത്തു.

16. പ്രതിമാ വണക്കവും അന്ത്യന്യായവിധിയും

 

നീതിമാനായ ന്യായാധിപനും സർവശക്തനും അത്യുന്നതനുമായ ദൈവം, അങ്ങേ അറ്റം വെറുക്കുന്ന ഒരു പാപകർമ്മം ആണ് വിഗ്രഹാരാധന. പ്രതിമാവണക്കം ചെയ്യുന്നവർ, അവർ ചെയ്യുന്നത് വിഗ്രഹാരാധന ആണ് എന്ന് ഒരിക്കലും സമ്മതിക്കയോ അംഗീകരിക്കുകയോ ചെയ്യില്ല. അതിന്നു കാരണം, വിശുദ്ധ വേദപുസ്തകത്തിൽ ഉള്ള അറിവില്ലായ്മ അത്രേ. മാത്രമല്ല, മതപുരോഹിതരും മതാധ്യാപകരും ശൈശവം മുതൽക്കേ ഒരു വ്യക്തിയിൽ; പ്രതിമാ വണക്കവും നമസ്കാരവും പ്രതിമയോടുള്ള പ്രാർത്ഥനയും ഒന്നും തെറ്റല്ല; മറിച്ച്, ദൈവത്തോട് നമ്മെ കൂടുതൽ അടുപ്പിക്കുന്ന ഉപാധികൾ ആണെന്ന് പഠിപ്പിച്ചു വരുന്നതാകകൊണ്ടു, നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു യാഥാർഥ്യം ആണ് ഇതൊന്നും പാപമല്ല” എന്ന ചിന്ത.

 

 ഞാൻ 2009 ഡിസംബർ വരെയും വായിച്ചതും പഠിച്ചതും POC ബൈബിൾ ആയതു കൊണ്ട്, ഈ വിഷയത്തിൽ എന്താണ് അതിൽ എഴുതപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമായി എഴുതുവാൻ ആഗ്രഹിക്കുന്നു.

 

 എപ്രകാരം ആണ് വിഗ്രഹാരാധന മനുഷ്യരുടെ ഇടയിൽ രൂപപ്പെട്ടത് എന്ന്, 2007 മുതൽ ഉള്ള എന്റെ വചന പഠനത്തിൽ വ്യക്തമായി എനിക്ക് ഗ്രഹിക്കുവാൻ കഴിഞ്ഞത്, പ്രിയ വായനക്കാരുമായി പങ്കു വയ്കട്ടെ.ഈ വിഷയം പഠിക്കുവാൻ എനിക്ക് വിചാരം ഉണ്ടായ ഒരു സംഭവം വിവരിച്ചുകൊണ്ട് ആരംഭിക്കുന്നു.

 

 പ്രതിമാ വണക്കം ചെയുന്ന ആരെങ്കിലും, ഈ അധ്യായം വായിക്കുന്നു എങ്കിൽ, മറുതലിക്കാതെ, സാവധാനം ഒന്ന് ധ്യാനിച്ചു ചിന്തിക്കുക. താങ്കൾ ശൈശവം മുതൽക്കേ ചെയ്തുവരുന്ന പ്രതിമാ വണക്കത്തിൽ ഒളിച്ചിരിക്കുന്ന കൊടിയ  പാപം നിങ്ങൾക്കു ദർശിക്കുവാൻ സാധിക്കും.

 

 ഞങ്ങൾ കത്തോലിക്കാ വിശ്വാസത്തിൽ ജീവിച്ച കാലയളവിൽ, അവസരം ലഭിക്കുമ്പോൾ ഒക്കെ കുടുംബമായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കുമായിരുന്നു. ഒരിക്കൽ, 2005ൽ എറണാകുളത്തു വല്ലാർപാടത്തമ്മയുടെ പള്ളിയിൽ പോയി  പ്രാർത്ഥന കഴിച്ചു ചുറ്റുപാടും നടക്കുമ്പോൾ, അവിടെ മാതാവിന്റെ ദശാവതാരങ്ങൾ എന്ന ആശയ പ്രകാരം ഉള്ള ഒരു പ്രാർത്ഥനാസ്ഥലം കണ്ടു.  മാതാവിന്റെ പത്തു വ്യത്യസ്ത പ്രതിമകൾ അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഞാൻ ചെറുപ്പം മുതൽക്കേ ആശ്രയിച്ചിരുന്ന വേളാങ്കണ്ണി മാതാവിന്റെ പ്രതിമയ്ക് മുൻപിൽ തിരി കത്തിച്ചു പ്രാർത്ഥിച്ചു. കുറേനേരം അവിടെ നിന്ന് വീക്ഷിച്ചപ്പോൾ, വല്ലാർപാടത്തമ്മയ്ക്കും വേളാങ്കണ്ണി മാതാവിനും നിത്യസഹായ മാതാവിനും മുൻപിൽ മാത്രമേ വിശ്വസികൾ തിരി കത്തിക്കയും പ്രാർത്ഥിക്കയും ചെയ്യുന്നുള്ളു എന്ന് കണ്ടു. അത് എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഇത് പോലെ അനുഭവം തമിഴ് നാട്ടിലെയും കർണാടകയിലേയും ഗോവയിലെയും പള്ളികളിൽ കണ്ടു. അവിടെ ധാരാളം വിശുദ്ധരുടെയും വേളാങ്കണ്ണി മാതാവിന്റെയും ലൂർദ്ദ് മാതാവിനെയും യേശുവിന്റെയും പ്രതിമകൾ ഉണ്ടായിരുന്നു. എന്നാൽ, വിശ്വസികൾ ആകെപ്പാടെ വേളാങ്കണ്ണി മാതാവിന്റെയും അന്തോണീസ് പുണ്യവാളന്റെയും പ്രതിമയ്ക്  മുൻപിൽ മാത്രം തിരികത്തിക്കയും പ്രാർത്ഥിക്കയും ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. യേശുവിന്റെ പ്രതിമയ്ക് മുൻപിൽ ആരുംതന്നെ നില്കുന്നത് കണ്ടില്ല. ഇതേക്കുറിച്ചൊക്കെ ചിന്തിച്ചപ്പോൾ എന്നിൽ ഉണ്ടായ ഒരു വിചാരം ഇതായിരുന്നു. ഞാൻ ഉൾപ്പെടെ എല്ലാവരും വിശ്വസിക്കുന്നതും വാദിക്കുന്നതും;  ഞങ്ങൾ വണങ്ങുന്നതും പ്രാർത്ഥിക്കുന്നതും പ്രതിമയോടല്ല, മറിച്ചു, ആ പ്രതിമ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയോടാണ്. അതിനാൽ തന്നെ ഞങ്ങൾ ചെയ്യുന്നത് വിഗ്രാഹാരാധന അല്ല എന്നാണ്. പക്ഷെ, ഞാൻ മുകളിൽ വിവരിച്ച സംഭവങ്ങൾ നോക്കിയാൽ, യഥാർത്ഥത്തിൽ വണക്കവും നമസ്കാരവും നേർച്ചയും  പ്രാർത്ഥനയും എല്ലാം അതാതു പ്രതിമയ്ക്കാണ് എന്ന് മനസ്സിലാക്കുവാൻ സാധിക്കും. ആ പ്രതിമ പ്രതിനിധാനം ചെയുന്ന വ്യക്തിക്കേ അല്ല. വേളാങ്കണ്ണി മാതാവിന്റെ പ്രതിമയ്ക് മറ്റു പ്രതിമകളേക്കാൾ ശക്തിയും കാര്യസാധ്യശേഷിയും ഉണ്ട് എന്ന് വിശ്വാസികളുടെ അനുഭവവും ആശ്രയവും തെളിവാണ്. അതു കൊണ്ടു തന്നെ ആണ് വേളാങ്കണ്ണി മാതാവിന്റെ പ്രതിമയ്ക് മുൻപിൽ വച്ചിരിക്കുന്ന നേർച്ചപ്പെട്ടിയിൽ മറ്റുള്ളവയെക്കാൾ കൂടുതൽ പണവും സ്വർണവും വെള്ളിയും വീഴുന്നതും, ഇന്ത്യയിൽ മാതാവിന്റെ നാമത്തിലുള്ള പുണ്യസ്ഥലങ്ങളിൽ, വേളാങ്കണ്ണി മാതാവിന്റെ പ്രതിമ ഉള്ള സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും. ഇവിടെ ആണ്, പ്രതിമാ വണക്കം എന്ന അതിവിശുദ്ധമായി കരുതപ്പെടുന്ന കർമ്മങ്ങൾ വിശ്വാസി അറിയാതെ വിഗ്രഹാരാധന ആയി പരിണമിക്കുന്നത്.

 

 ഇനി, POC ബൈബിൾ ഇതേക്കുറിച്ചു എന്താണ് പഠിപ്പിക്കുന്നത് എന്ന് നോക്കാം.

 

 ഒന്നാമതായി, എപ്രകാരം ആണ് പ്രതിമാവണക്കവും തുടർന്ന് വിഗ്രഹാരാധനയും മനുഷ്യരുടെ ഇടയിൽ പ്രവേശിച്ചത് എന്ന് വ്യക്തമായി വിവരിക്കുന്നു.

 

 ജ്ഞാനം 14:15-22 “അകാലത്തിൽ പുത്രൻ മരിച്ച ദുഃഖം ഗ്രസിച്ച പിതാവ്, തന്നിൽ നിന്ന് അപഹരിക്കപ്പെട്ട മകൻറെ പ്രതിമയുണ്ടാക്കി, മൃതശരീരം മാത്രമായിരുന്നവനെ ഇതാ ദേവനായി വണങ്ങുകയും തൻറെ പിൻഗാമികൾക്കു വ്രതാനുഷ്ഠാനങ്ങൾ രഹസ്യമായി നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുന്നു. കാലാന്തരത്തിൽ പ്രാബല്യം ലഭിച്ച ഒരു ദുരാചാരം നിയമമായിത്തീരുകയും രാജകല്പനപ്രകാരം ജനങ്ങൾ കൊത്തുവിഗ്രഹങ്ങളെ ആരാധിച്ചു പോരുകയും ചെയ്തു. വിദൂരസ്ഥരായ രാജാക്കന്മാരെ നേരിട്ടു വണങ്ങി സ്തുതിക്കാൻ ഇച്ഛിച്ചവർ, രാജപ്രതിമയുണ്ടാക്കി. രാജാക്കന്മാർ അകന്നു ജീവിച്ചിരുന്നതിനാൽ  അവരുടെ സന്നിധിയിലെത്തി വണങ്ങാൻ കഴിയാതെ വന്ന ജനങ്ങൾ, തങ്ങൾ

ആദരിക്കുന്ന രാജാവിൻറെ രൂപം ഭാവനചെയ്ത് ദൃഷ്ടി ഗോചരമായ ബിംബം ഉണ്ടാക്കി. അങ്ങനെ, തങ്ങളുടെ ആവേശത്തിൽ അവർ, അദൃശ്യനെങ്കിലും അടുത്തുള്ളവനെപ്പോലെ അവനെ സ്തുതിച്ചു. ക്രമേണ ഉൽക്കർഷേച്ഛുവായ ശില്പി, രാജാവിനെ അറിയാത്തവരിലും ഈ ആരാധന പ്രചരിപ്പിക്കാൻ  ഉത്സാഹിച്ചു. രാജാവിനെ പ്രസാദിപ്പിക്കാനാവാം അവൻ രാജാവിൻറെ  രൂപം കൂടുതൽ സുന്ദരമായി ഉണ്ടാക്കാൻ കൗശലം കാണിച്ചത്. ശില്പത്തിൻറെ വശ്യതയിൽ ആകൃഷ്ടരായ ജനങ്ങൾ അല്പം മുൻപ് മനുഷ്യനായി ബഹുമാനിച്ചവ്യക്തിയെ, ഇതാ, ആരാധനാ വിഷയമായി കണക്കാക്കുന്നു. ഇതു മനുഷ്യവർഗത്തിന് ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീർന്നു. നിർഭാഗ്യത്തിൻറെയോ രാജാധികാരത്തിൻറെയോ അടിമത്തത്തിൽ പെട്ട മനുഷ്യർ കല്ലിലോ തടിയിലോ നിർമിക്കപ്പെട്ട വസ്തുക്കൾക്ക് ഒരിക്കലും വിളിക്കാൻ പാടില്ലാത്ത പേരു നല്കി. ദൈവത്തെക്കുറിച്ചുള്ള അറിവിൽ അവർക്ക്  തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘർഷത്തിൽ ജീവിക്കുന്ന അവർ ആ വലിയ തിന്മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു.”

 

 ഇതിൽ മുഴുവൻ വാക്യങ്ങളും ധ്യാനിക്കുവാൻ സാധിച്ചില്ല എങ്കിലും, ഏറ്റവും കുറഞ്ഞത് ഈ വാക്യം എങ്കിലും ഒന്ന് ധ്യാനിക്കുമോ?

 

"ശില്പത്തിൻറെ വശ്യതയിൽ ആകൃഷ്ടരായ ജനങ്ങൾ അല്പം മുൻപ് മനുഷ്യനായി ബഹുമാനിച്ചവ്യക്തിയെ, ഇതാ, ആരാധനാ വിഷയമായി കണക്കാക്കുന്നു."

 

 ആലോചിച്ചു നോക്കൂ. താങ്കൾ വണങ്ങുകയും പ്രാർത്ഥിക്കുകയും ചെയുന്ന ആ പ്രതിമ, വിരൂപമുള്ളതായിരുന്നെങ്കിൽ, ഒരു പക്ഷെ താങ്കൾ വണങ്ങുമായിരുന്നോ? മാതാവിന്റെ പ്രതിമകളിൽ ഏറ്റവും ജനപ്രീതി നേടിയത് വേളാങ്കണ്ണിയിലെ പ്രതിമ അത്രേ എന്നത് വളരെ യാഥാർത്യമായ കാര്യം ആണ്. മാതാവിന്റെ പ്രതിമകളിൽ ഏറ്റവും ആകർഷകമായ രൂപവും അത് തന്നെ. നോക്കൂ, എത്ര വശ്യഭംഗിയോടെ ആണ് ബുദ്ധിയുള്ള ശില്പി ആ പ്രതിമ നിർമ്മിച്ചത് എന്ന്.

 

 സത്യവേദപുസ്തകത്തിൽ ഏകദേശം നൂറിൽ പരം വാക്യങ്ങൾ ആണ് പ്രതിമാവണക്കത്തെ വിരോധിച്ചു കൊണ്ട് ഉള്ളത്. അത്രയും നിന്ദ്യമായ ഒരു പാപത്തെ ലഘൂകരിച്ചു കാണിക്കുവാൻ മതാധ്യാപകരും പുരോഹിതരും നിരത്തുന്നത്  രണ്ടേ രണ്ടു വാക്യങ്ങൾ. ഈ രണ്ടു വാക്യങ്ങളും പ്രതിമാ വണക്കത്തെ പ്രോത്സാഹിപ്പിക്കുന്നത്  അല്ലതാനും. ആ വാക്യങ്ങൾ ഏവയെല്ലാം എന്ന് നോക്കാം.

 

 പുറപ്പാട് 25:17-21 ശുദ്ധി ചെയ്ത സ്വർണം കൊണ്ട് ഒരു കൃപാസനം നിർമിക്കണം. അതിൻറെ  നീളം രണ്ടരമുഴവും വീതി ഒന്നര മുഴവും ആയിരിക്കണം. കൃപാസനത്തിൻറെ  രണ്ടറ്റത്തു മായി അടിച്ചു പരത്തിയ സ്വർണം കൊണ്ട് രണ്ടുകെരൂബുകളെ നിർമിക്കണം. കൃപാസനത്തിൻറെ രണ്ടറ്റത്തും അതിനോട് ഒന്നായിച്ചേർന്നിരിക്കത്തക്കവണ്ണം വേണം കെരൂബുകളെ നിർമിക്കാൻ. കൃപാസനം മൂടത്തക്കവിധം കെരൂബുകൾ ചിറകുകൾ  മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകൾ കൃപാസനത്തിലേക്കു തിരിഞ്ഞ് മുഖാഭിമുഖം നിലകൊള്ളണം. കൃപാസനം പേടകത്തിനു മുകളിൽ സ്ഥാപിക്കണം. ഞാൻ നിനക്കു തരാൻ പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തിനുള്ളിൽ നിക്ഷേപിക്കണം.

 

 നോക്കൂ, രൂപമോ പ്രതിമയോ നിർമിക്കരുത് എന്ന് എഴുതപ്പെട്ടിരിക്കുന്ന കൽപ്പലക വയ്കുവാനായി ഉണ്ടാക്കുന്ന പേടകത്തിന്റെ മുകളിൽ സ്ഥാപിക്കുവാനുള്ള കൃപാസനത്തിൽ രണ്ടു കെരൂബുകളെ ഉണ്ടാക്കുവാൻ കല്പിച്ച ദൈവം, അകത്തു വച്ചിരിക്കുന്ന പ്രമാണം തന്നത്താൻ ധിക്കരിക്കുമോ? എന്താണ് പ്രമാണം?

 

 പുറപ്പാട് 20:4-5 മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിൻറെയും പ്രതിമയോ സ്വരൂപമോ നീ നിർമിക്കരുത്; അവയ്കു മുൻപിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാൽ, ഞാൻ, നിൻറെ ദൈവമായ കർത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങൾക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാൻ ശിക്ഷിക്കും.

 

 പ്രമാണത്തിൽ പറഞ്ഞിരിക്കുന്നത് വണങ്ങുവാനായും നമസ്കരിക്കുവാനായും ആരാധിക്കുവാനായും പ്രതിമയോ രൂപമോ ഉണ്ടാക്കരുത് എന്നല്ലേ? പക്ഷേ, താങ്കളുടെ പക്കൽ ഉള്ള പ്രതിമ താങ്കൾ ഭംഗിക്കുവേണ്ടി ആണോ സ്ഥാപിച്ചിരിക്കുന്നത് അതോ വണങ്ങുന്നതിനു വേണ്ടിയോ? സാവധാനം ചിന്തിക്കൂ.

 

അടുത്ത വാക്യം നോക്കാം.

 

 സംഖ്യാ 21:8-9 കർത്താവ് മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സർപ്പത്തെ ഉണ്ടാക്കി വടിയിൽ  ഉയർത്തി നിർത്തുക. ദംശന മേൽക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി അതിനെ വടിയിൽ ഉയർത്തി  നിർത്തി; ദംശനമേറ്റവർ പിച്ചളസർപ്പത്തെ നോക്കി; അവർ ജീവിച്ചു. ഇവിടെ എന്തിനു വേണ്ടി ആണ് ദൈവം മോശയോട് ഇത് കല്പിച്ചതു എന്ന് യേശു കർത്താവു വ്യക്തമാക്കിയത് യോഹന്നാൻ 3:14 ൽ ”മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ”.

 

 തന്റെ പുത്രനെ കാൽവരി കുരിശിൽ സകല ലോകത്തിന്റെയും പാപത്തിന്റെ പരിഹാരത്തിനായി ബലി അർപ്പിക്കുവാനുള്ള പിതാവിന്റെ തീരുമാനം യേശു കർത്താവിന്റെ നിഴൽ ആയ മോശയിലൂടെ പഴയനിയമത്തിൽ ഉയർത്തിക്കാണിക്കുന്ന സംഭവം ആണ് സംഖ്യാ പുസ്തകത്തിൽ കാണുന്ന ഉയർത്തപ്പെട്ട സർപ്പം. അവിടെയും വണങ്ങുവാനോ പ്രാർത്ഥിക്കുവാനോ ആരാധിക്കുവാനോ അല്ല പ്രതിമ ഉണ്ടാക്കുവാൻ കൽപിച്ചത് .പക്ഷേ, പിന്നീട് ആ പ്രതിമയ്ക് എന്ത് സംഭവിച്ചു എന്ന് കൂടെ അറിയുക. അപ്പോൾ മനസ്സിലാകും പ്രതിമ വണക്കത്തിന്റെ കാണാപ്പുറങ്ങൾ.

 

 2രാജാക്കന്മാർ 18:1-4 ഇസ്രായേൽ രാജാവായ ഏലായുടെ പുത്രൻ ഹോസിയായുടെ മൂന്നാം ഭരണവർഷം യൂദാരാജാവായ ആഹാസിൻറെ മകൻ ഹെസക്കിയാ ഭരണമേറ്റു. അപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അവൻ ജറുസലെമിൽ ഇരുപത്തൊൻപതു വർഷം ഭരിച്ചു. സഖറിയായുടെ മകൾ അബി ആയിരുന്നു അവൻറെ മാതാവ്. പിതാവായ ദാവീദിനെപ്പോലെ അവൻ കർത്താവിൻറെ മുൻപിൽ നീതിപ്രവർത്തിച്ചു. അവൻ പൂജാഗിരികൾ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകർക്കുകയും ചെയ്തു. മോശ ഉണ്ടാക്കിയ “നെഹുഷ്ഠാൻ” എന്നു വിളിക്കപ്പെടുന്ന ഓട്ടു സർപ്പത്തിൻറെ മുൻപിൽ ഇസ്രായേൽ ധൂപാർച്ചന നടത്തിയതിനാൽ അവൻ അതു കർത്തു.

 ശ്രദ്ധിക്കൂ. ഇവിടെയും, മോശനിർമിച്ച പിത്തള സർപ്പം, വണങ്ങപ്പെടുകയോ ആരാധിക്കപ്പെടുകയോ ചെയ്യുവാനുള്ളതല്ല എന്നതിനാൽ, ജനം, അതിന്നു വിരോധമായി ചെയ്ത പ്രവൃത്തിക്ക് ആ പ്രതിമ തകർത്തുകൊണ്ട്  പ്രതിമാവണക്കത്തിൽ നിന്നും ദൈവജനത്തെ തടയുന്നു. എനിക്ക് ആദ്യകുർബാന നൽകിയ തിരുവല്ലാ അതിരൂപതാ മെത്രാൻ സഖറിയാസ് മാർ അത്താനാസിയോസ് തുടക്കമിട്ട പ്രതിമാ ധ്വംസനം എന്ന പദ്ധതി പ്രകാരം ഇടവക പള്ളിയിൽ മദ്ബഹായിൽ വച്ചിരുന്ന ഒരു പ്രതിമ ഉടച്ചു കളഞ്ഞത് ഞാൻ നേരിയതായി ഓർക്കുന്നു. എന്നാൽ 1977 ഒക്ടോബറിൽ അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനു ശേഷം ഇടവക പള്ളികളിൽ വർധിച്ച തോതിൽ പ്രതിമകൾ പുനർസ്ഥാപിക്കപ്പെട്ടു.

 

 ഇത്തരത്തിൽ, വിശുദ്ധ വചനത്തിൽ എത്രയും ശക്തിയുക്തമായി എതിർക്കപ്പെട്ടിരിക്കുന്ന പ്രതിമാ വണക്കം പ്രോത്സാഹിപ്പിക്കപ്പെടുന്നതിന്റെ ഒരേ ഒരു ഉദ്ദ്യേശം സാമ്പത്തിക വരുമാനം മാത്രമാണ്. പക്ഷെ, അതിന്നായി പ്രതിമകൾ  സ്ഥാപിക്കുകയും ജനത്തെ അതിലേക്കു ആകർഷിക്കയും ചെയുന്ന മതപുരോഹിതർ ഒരു യാഥാർഥ്യം ജനത്തിൽ നിന്നും മറച്ചു വയ്കുന്നു. “പ്രതിമാ വണക്കക്കാർക്കും വിഗ്രഹാരാധകർക്കും ആയി സൂക്ഷി ക്കപ്പെട്ടിരിക്കുന്ന ഗന്ധക തീപ്പൊയ്ക.”

 

 "സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു;  ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും". വെളിപ്പാട് 20 :13 -15

 

 ഇന്ന്,  ഇപ്പോൾ ഒരു തീരുമാനം എടുക്കുക. “എന്റെ ദൈവമേ, ഞാൻ ഇത്രയും കാലം അനുഷ്ടിച്ചു വന്ന പ്രതിമാ വണക്കത്തെ ഈ നിമിഷം ഉപേക്ഷിക്കുന്നു. എന്നോട് ക്ഷമിക്കേണമേ. എന്റെ വ്യക്തി ജീവിതത്തിലും ഭവനത്തിലും ഉള്ള എല്ലാ പ്രതിമകളും രൂപങ്ങളും ജപമാലകളും ഞാൻ പൂർണമായി ഉപേക്ഷിച്ചു, ലോകത്തിന്റെ ഏക രക്ഷകനായ യേശുക്രിസ്തുവിൽ ആശ്രയിക്കുന്നു. ആമേൻ”.

17. രക്ഷിക്കപ്പെടുവാനുള്ള ആഹ്വാനം

 

 പ്രിയ സുഹൃത്തേ, ദൈവവചനം ഇപ്രകാരം പറയുന്നു. “ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ആൽമാവിനെ നഷ്ടമാക്കിയാൽ എന്തു പ്രയോജനം?” (ലുക്കൊസ് 9:25)

 

 ഈ ലോകത്തിൽ നാം എന്തെല്ലാം നേടിയാലും, എത്ര വലിയ സ്ഥാനമാനങ്ങൾ ഏറ്റെടുത്താലും, നമ്മുടെ ആല്മാവ് നിത്യജീവനായിക്കൊണ്ട്  രക്ഷിക്കപെടുന്നില്ല എങ്കിൽ, നശ്വരമായ ഈ ലോകം ഉപേക്ഷിച്ച് നാം പോകേണ്ടിവരുമ്പോൾ  അനശ്വരമായ ദൈവരാജ്യത്തിൽ നമ്മുടെ കാന്തനായ കർത്താവായ യേശുക്രിസ്തു വോടൊത്തു നിത്യമായി ജീവിക്കുവാൻ കഴിയാതെ പോകും.

 

 ഞാൻ വലിയ ഭക്തിയിലും വിശുദ്ധിയിലും ജീവിക്കുന്ന ഒരു വ്യക്തിയാണ് എന്നായിരുന്നു എന്റെ വിചാരം. എനിക്ക് നല്ല വചന ജ്ഞാനവും അറിവുമൊക്കെയുണ്ട് എന്നും  ഞാൻ ദൈവരാജ്യത്തിൽ അത്രേ വസിക്കുന്നതെന്നും ഞങ്ങൾ  കത്തോലിക്കാരാണ് യഥാർഥ  ക്രിസ്ത്യാനികളെന്നും ഞങ്ങൾ കത്തോലിക്കർ മാത്രമേ സ്വർഗത്തിൽ പോവുകയുള്ളൂ  എന്നുമൊക്കെ വിശ്വസിച്ച് പ്രസംഗിച്ച് നടന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. എന്നാൽ, പരിശുദ്ധാൽമാവാം ദൈവം എന്റെ  പാപജീവിതത്തെ എന്റെ മുൻപിൽ വെളിപ്പെടുത്തി, ഞാൻ ചെയ്തുകൂട്ടിയ പാപങ്ങൾ തെളിയിച്ചു  കാണിച്ചപ്പോൾ എന്റെ യഥാർഥ  ആത്മീയ  അവസ്ഥ കണ്ടു്  ഞാൻ അർത്ഥപ്രാണനായിപ്പോയി.

 

 യേശു ഇപ്രകാരം പറഞ്ഞു "അവൻ (പരിശുദ്ധാത്‌മാവ്) വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും  ഞാൻ  പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതു കൊണ്ടു  നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ”. യോഹന്നാൻ 16:8-11

 

 പ്രിയ സ്നേഹിതാ, ഒരു പക്ഷെ താങ്കളും എന്നെപ്പോലെ, താങ്കൾ ജനിച്ചു വളർത്തപ്പെട്ട സമൂഹം താങ്കളെ പഠിപ്പിച്ച ചില മിഥ്യാധാരണകൾ വച്ച് പുലർത്തുന്ന വ്യക്തിയായിരിക്കാം. എങ്കിൽ, ഇന്ന് തന്നെ ഒരു വീണ്ടു  വിചാരത്തിനു  തയ്യാറാവുക. ഈ പ്രപഞ്ചത്തിൽ ഒരേ ഒരു സത്യമുള്ളതു കർത്താവായ യേശുക്രിസ്തുവാണ്. അതിനാൽ തന്നെ, അവന്റെ വചനങ്ങളും ഏറ്റം സത്യമായത്.

 

 മനുഷ്യൻ പാപം ചെയ്താണ്  തന്റെ പാർപ്പിടമായിരുന്ന ദൈവ സന്നിധി നഷ്ടപ്പെടുത്തിയത്. ദൈവസന്നിധിയിൽ ആയിരിക്കുവാൻ  ആഗ്രഹിക്കുന്നവൻ, ദൈവരാജ്യത്തിൽ അത്രേ വസിക്കേണ്ടത്. ദൈവരാജ്യത്തിൽ കടക്കേണം

എങ്കിൽ, ഒരുവൻ വീണ്ടും ജനിക്കേണം. യേശുകർത്താവ് നിക്കോദേമോസിനോട് പറഞ്ഞ വചനങ്ങൾ ഓർക്കുക. “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും

കഴിയകയില്ല “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല." യോഹന്നാൻ 3:3,5.  ദൈവരാജ്യം ഭൗതീകമല്ല, അത് ആല്മീകമാണ്. "ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ". റോമർ 14:17

 

 നഷ്ടമായ ദൈവരാജ്യവാസം തിരികെ ലഭിക്കാൻ ഒരേ ഒരു മാർഗമേ ഉള്ളു. ആ മാർഗം ക്രിസ്തുവത്രെ. യേശു പറഞ്ഞു "ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല"  യോഹന്നാൻ 14:6.

 

 കർത്താവായ യേശുക്രിസ്തു ആയ ഏക ലോക രക്ഷിതാവിൽ വിശ്വസിച്ചു പാപമോചനവും നീതീകരണവും പ്രാപിക്കാതെ ആർക്കും വീണ്ടും ജനിക്കാൻ കഴിയുന്നതല്ല. വീണ്ടും ജനിച്ചവൻ നിത്യജീവനിലേക്കാണ് കടക്കുന്നത്.

 

യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." യോഹന്നാൻ 3:16. തുടർന്ന് സ്നാപക യോഹന്നാൻ ഇപ്രകാരം പറഞ്ഞു "പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള" യോഹന്നാൻ 3:36.

 

 അതിനാൽ, കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച്, പാപജീവിതത്തെക്കുറിച്ച് അനുതപിച്ച് മാനസാന്തരപ്പെട്ട് യേശുവിനെ സ്വന്ത രക്ഷിതാവും കർത്താവുമായി ഏറ്റു പറഞ്ഞു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാൽമാവിന്റെയും നാമത്തിൽ സ്നാനപ്പെട്ടു വിശുദ്ധിയിൽ ജീവിക്കുന്നവർക്ക് മാത്രമേ ദൈവരാജ്യത്തിൽ വസിക്കുവാൻ സാധിക്കൂ.

 

 ഒരു മതത്തിൽ വിശ്വസിച്ചതുകൊണ്ടോ, ക്രിസ്തീയമായ പാരമ്പര്യം ഉള്ളതുകൊണ്ടോ ഏതെങ്കിലും സഭയിൽ അംഗത്വം ഉള്ളതുകൊണ്ടോ ഇത് സാധ്യമാകില്ല. കാരണം ക്രിസ്തുയേശുവിലുള്ള രക്ഷ വ്യക്തിപരം ആണ്. യേശുക്രിസ്തു മുഴുലോകത്തിന്റെയും പാപപരിഹാരത്തിനു മരിച്ചു എങ്കിലും, ഒരു വ്യക്തി അത് വിശ്വസിച്ചു മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിനെ സ്വന്ത ജീവിതത്തിൽ ഏറ്റെടുക്കുമ്പോഴാണ് ക്രിസ്തുവിന്റെ പാപപരിഹാരബലിയുടെ ഫലം ഒരു വ്യക്തി നേടുന്നത്. ഈ സത്യം ഗ്രഹിച്ച്, ഇന്നു തന്നെ ഒരു തീരുമാനമെടുക്കുക. നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത് ക്രിസ്തുവുമായുള്ള നിത്യവാസമാണെന്നത്  മറക്കരുതേ.

 

വിശുദ്ധ വചനം പഠിപ്പിക്കുന്നത് ശ്രദ്ധിച്ചാലും;

 

 1. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹന്നാൻ 3:16

 

 2. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. യോഹന്നാൻ 1:12

 

 3. യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല” എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ3:3.

 

 4. “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയി വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. മത്തായി 18:3

 

 5. നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.   1 യോഹന്നാൻ 1:9

 

 6. യേശുവിനെ കർത്താവു എന്നു വായകൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായകൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടുല്ലോ. റോമർ10: 9,10,13

 

 7. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. റോമർ 6:23

 

 8. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു . പ്രവൃത്തികൾ  16:31

 

 9. കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു. പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.  1 യോഹന്നാൻ 3: 7,8

 

10. എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻ കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.  വെളിപ്പാട് 1 : 12 -16

 

11. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. വെളിപ്പാട് 20 :15

 

12. "ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേ ണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.  നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.  യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു. വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ." വെളിപ്പാട് 22 : 14 -17

 

പ്രിയ സ്നേഹിതാ,

 

   ഇനിയും ആലോചിച്ച് സമയം പാഴാക്കാതെ, തികച്ചും സൗജന്യമായി ലഭ്യമായിരിക്കുന്ന ഈ വലിയ രക്ഷ സായത്തമാക്കുവാൻ പരിശുദ്ധാൽമാവായ ദൈവം താങ്കളെയും കുടുംബത്തെയും സഹായിക്കട്ടെ.  കൂടുതൽ അറിയുവാനും പ്രാർത്ഥനയ്കുമായി ദയവായി ബന്ധപ്പെടുക.

 

 ക്രിസ്തുവിൽ സ്നേഹത്തോടെ നിങ്ങളുടെ സഹോദരൻ,

 

ആൻസൺ  മാരാമൺ.

 

പ്രാർത്ഥന

 

  പരിശുദ്ധനായ ദൈവമേ, അതിവാത്സ്യത്തോടെ ഞങ്ങളെ സ്നേഹിക്കയും പരിപാലിക്കുകയും ചെയ്യുന്ന ഞങ്ങളുടെ സ്വർഗീയ പിതാവേ, അവിടുത്തെ നാമമഹത്വത്തിനായി എന്റെ അനുഭവ സാക്ഷ്യം എഴുതി പ്രസിദ്ധീകരിക്കുവാൻ ആയി ഏഴയായ എന്നെ ബലപ്പെടുത്തിയത് ഓർത്തു അവിടുത്തേക്ക്  നന്ദിയും സ്തുതിയും കരേറ്റുന്നു. ഇപ്പോൾ ഈ സാക്ഷ്യം വായിച്ച്, അവിടുത്തെ കൃപയ്ക്കായി യാചിക്കുന്ന  ഈ വ്യക്തിയെ അവിടുത്തെ സന്നിധിയിലേക്ക് ഉയർത്തുന്നു. അങ്ങയുടെ മഹാകരുണ എന്റെമേൽ ചൊരിഞ്ഞതുകാരണം ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ദൈവ സ്നേഹവും രക്ഷാസന്തോഷവും ഈ വ്യക്തിയും അനുഭവിക്കുവാൻ അവിടുത്തേക്ക് തിരുമനസ്സാകേണമേ.

 

 ഈ വ്യക്തിയുടെ ഈ നിമിഷം വരെയുള്ള  ഈ ലോക ജീവിതത്തിൽ വന്നുപോയ സകല കുറവുകളും അവിടുന്ന് പരിഹരിച്ച് ഈ വ്യക്തിയെ അവിടുത്തെ ഏകജാതനും ലോകരക്ഷിതാവുമായ യേശുക്രിസ്തുവിന്റെ രക്തത്താൽ

ശുദ്ധീകരിക്കേണമേ. ഈ നിമിഷം മുതൽ, ഒരു പുതിയ വ്യക്തിയായി ജീവിക്കുവാൻ ആവശ്യമായ കൃപയാൽ ഈ വ്യക്തിയെ ബലപ്പെടുത്തി, അവിടുത്തെ  പരിശുദ്ധാത്മാവാൽ ശക്തിപ്പെടുത്തേണമേ.

 

 ഈ വ്യക്തി, ഇന്നേവരെ  ഉള്ള തന്റെ ജീവിതത്തിൽ ചെയ്തു പോയ എല്ലാ പാപപ്രവർത്തികളും ക്ഷമിച്ചു, അവിടുത്തെ രാജ്യത്തിന് ഇദ്ദേഹത്തെ അവകാശി ആക്കേണമേ. ഇദ്ദേഹത്തിന്റെ കുടുംബത്തെയും മാതാപിതാക്കളെയും സന്നിധിയിൽ ഓർക്കുന്നു. അവരെയും അനുഗ്രഹിക്കേണമേ.

 

 അങ്ങയുടെ വചനം കൂടുതൽ പഠിക്കുവാനും ക്രിസ്തുവാകുന്ന തലയോളം വളരുവാനും ഇദ്ദേഹത്തെ പ്രാപ്തമാക്കേണമേ. അവിടുത്തെ കൃപകൾക്കായി ഞങ്ങൾ അങ്ങേയ്കു നന്ദി അർപ്പിക്കുന്നു.  കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു. ആമേൻ.

 

 

അൻസൺ മാരാമൺ                           

Anson Maramon

Pastor-in-Charge                 

ബേഥാന്യ ഗോസ്പൽ മിനിസ്ട്രി         

Bethania Gospel Ministry

അബുധാബി, UAE                  

Abu Dhabi, UAE

 

Whatsapp: +971562340493, +919633632889

 

Website:        https://bethaniagospelministry.Com

 

e-Mail:          anson@maramon.in

                     ansonmaramon@gmail.com

                     anson192@yahoo.com

 

Twitter:          https://twitter.com/Pr_AnsonMaramon

Facebook:      https://www.facebook.com/AnsonMaramon